കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹിയായി മുദ്രചാർത്തുന്നത് തന്ത്രപരമായ ഒരു ഉപായമാണ്, ഫാസിസ്റ്റ് തന്ത്രം: കെടി കുഞ്ഞിക്കണ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപ്കാർക്ക് വേണ്ടി സംസാരിച്ചു പോയ കുറ്റത്തിന്,
സ്വന്തം ജനതയുടെ സംസ്കാരവും സ്വത്വവും ജീവനോപാധികളും തകർക്കരുതെന്ന് വാദിച്ചു പോയതിന് ആണ് ഐഷാസുത്താന ഇന്ന് വേട്ടയാടപ്പെടുന്നതെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. രാജ്യദ്രോഹ കുറ്റത്തിന് അവർക്ക് നേരെ കേസെടുത്ത കവരത്തി പോലീസ് ഇന്നലെയാണ് അവരെ ചോദ്യം ചെയ്തിരിക്കുന്നത്. ഒരു ചാനൽ ചർച്ചയിൽഅഡ്മിനിസ്ട്രേറ്റരുടെ കോവിഡുമാനദണ്ഡങ്ങൾ പോലും ലംഘിച്ച് ഭരണപരിഷ്ക്കാരങ്ങൾ അടിച്ചേല്പിച്ച നടപടിയെ വിമർശിച്ചതിൻ്റെ പേരിലാണവർക്ക് നേരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.ലക്ഷദ്വീപിൽ കോവിഡു വൈറസ് വ്യാപിക്കുന്നതിലേക്കെത്തിച്ച പ്രഫുൽ പട്ടേലിൻ്റെ നടപടികൾബയോവെപ്പൻ പ്രയോഗത്തിന് സമാനമായ നടപടിയായിപ്പോയെന്നായിരുന്നു അവരുടെ വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിനാണ് ഗൂഢാലോചനപരമായി അവർക്ക് നേരെ 124 എ ചുമത്തിയത്. ഭരണകൂട വിമർശനം ദേശദ്രോഹമോ ഭീകരവാദമോ അല്ലായെന്നാണ് സുപ്രിം കോടതി വിനോദ് ദുവാ കേസ്സിൽ കേന്ദ്ര സർക്കാറിനെ അസന്ദിഗ്ധമായ ഭാഷയിൽ ഓർമ്മിപ്പിച്ചത്. ഡൽഹി ഹൈക്കോടതി ഡൽഹികലാപകേസിൽ 3 വിദ്യാർത്ഥികളുടെ ജാമ്യ അപേക്ഷ കേസിൽ ഇതിലും രൂക്ഷമായിട്ടാണ് ഡൽഹി പോലീസിനെ വിമർശിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരം ഭീകരവാദമല്ലെന്നും പ്രതിഷേധങ്ങൾ നിയമവിരുദ്ധ പ്രവർത്തനമല്ലെന്നുമാണ് കോടതി പറഞ്ഞത്.ഭരണകൂട വിമർശനങ്ങളെയോ ഭരണാധികാരികളെ വിമർശിക്കുന്നതോ രാജ്യദ്രോഹമല്ലെന്നാണ് കോടതി പറഞ്ഞത്.

 ktd

ഇനി ഐഷക്ക് നേരെ ചുമത്തിയ 1 24 എ എന്ന കൊളോണിയൽ കാലത്തെ നിയമം നിലനില്ക്കുന്നതോ ആധുനിക ജനാധിപത്യ സമൂഹത്തിന് അഭികാമ്യമാണോയെന്ന് നോക്കാം. എതിരാളികളെയെല്ലാം രാജ്യദ്രോഹികളാക്കുന്ന സംഘപരിവാർ രാഷ്ട്രീയവും കേന്ദ്ര സർക്കാരും വേട്ടയാടി കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആർഎസ്എസ് നയിക്കുന്ന ബിജെപി രാജ്യത്തിന്റെ ഭരണത്തിലേക്ക് വന്ന 2014 മുതൽ ഭരണഘടനയും അത് വിവക്ഷിക്കുന്ന ജനാധിപത്യ ചൈതന്യവും നിരന്തരം ആക്രമണങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ. ജനാധിപത്യവും അതിന്റെ അലംഘനീയങ്ങളായ മൂല്യങ്ങളും അധികാരശക്തികൾ ഇല്ലാതാക്കാൻ നോക്കുന്നതാണ് നാം കണ്ടത്.രാജ്യസ്നേഹത്തിന്റെ പൊയ്‌മുഖം അണിയുന്ന ഇവർ സാമാന്യജനത്തെ പരിഗണിക്കുന്നുമില്ല. വിയോജിപ്പ് ഇക്കൂട്ടർ സഹിക്കില്ലെന്നും കെടി കുഞ്ഞിക്കണ്ണന്‍ പറയുന്നു.

വിയോജിക്കുന്നവർ ഇവരുടെ മുന്നിൽ കുറ്റക്കാരാണ്. ഹിറ്റ്ലറുടെ ഫാസിസ്റ്റ് മാതൃകയുടെ ഇന്ത്യൻ പകർപ്പായ ഹിന്ദുത്വ രീതിയെ എതിർക്കുന്നവരെ നേരിടാൻ വിമർശകർക്കു നേരെ ദേശദ്രോഹികളെന്ന ചാപ്പ കുത്തുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, തൊഴിലാളികൾ, കർഷകർ, ദളിതർ, ആദിവാസികൾ, ബുദ്ധിജീവികൾ തുടങ്ങി ആരും രാജ്യദ്രോഹകുറ്റങ്ങളിൽ നിന്നും മോചിതരല്ല. രാജ്യദ്രോഹിയായി മുദ്രചാർത്തുന്നത് തന്ത്രപരമായ ഒരു ഉപായമാണ്.ഒരു ഫാസിസ്റ്റു തന്ത്രം.

ഇതിനായി ഉപയോഗിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ അപകടകാരമായ ഒരു ആയുധമാണ്. ഓരോ നാളിലും ഈ രാക്ഷസീയ നിയമത്തിന്റെ ദുരുപയോഗം കാരണം രാജ്യം അപമാനിക്കപ്പെടുന്നു. കഠിനമായ പോരാട്ടങ്ങളിലൂടെയും ത്യാഗത്തിലൂടെയും രൂപപ്പെട്ട രാജ്യത്തിന്റെ മതേതര ജനാധിപത്യ നിർമ്മിതിക്ക് കളങ്കമാണിത്. ഈ ബോധ്യത്തിലാണ് രാജ്യദ്രോഹകുറ്റവുമായി ബന്ധപ്പെട്ട 124എ നിയമവ്യവസ്ഥകളിൽ നിന്നും നീക്കണമെന്ന് ഒടുവിൽ സമാപിച്ച സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടത്.

ബിജെപി - ആർഎസ്എസ് വക്താക്കളാകട്ടെ ഈ പ്രാകൃത നിയമത്തെ മഹത്വവല്‍ക്കരിക്കുകയും രാജ്യസ്നേഹത്തിന്റെ അടയാളമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അടിച്ചമർത്താൻ 1870ൽ ബ്രിട്ടീഷ് സാമ്രാജ്യത്വം നടപ്പിലാക്കിയതാണ് ഈ കിരാതനിയമം. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കോളനിവാഴ്ചയുടെ ഒരു മൃഗീയശേഷിപ്പായി ഈ നിയമം നിലനിൽക്കുന്നത് രാജ്യത്തിന് അവമതിപ്പാണ്. കോളനിവാഴ്ചയുടെ നൃശംസമായ മുഖമാണിത്. സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന, അതിന്റെ സാക്ഷാത്കാരത്തിനായുള്ള മഹത്തായ ജനകീയപോരാട്ടങ്ങളെ വിലമതിക്കുന്നവർക്ക് ഇത്തരം വിരോധാഭാസം ഇനി ഉൾക്കൊള്ളാനുമാകില്ല.

എന്നാൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ യാതൊരു പങ്കാളിത്തവുമില്ലാത്ത ആർഎസ്എസ് ബിജെപി പരിവാരങ്ങൾക്ക് 124എ ആകർഷണീയവും നിയപാലനത്തിന് യോഗ്യവുമാണ്. അതുകൊണ്ടു തന്നെ വിമർശനങ്ങൾക്കും എതിർപ്പുകൾക്കും തടയിടാൻ ഇതിലേക്ക് നിരന്തരം ഓടിയടുക്കുന്നു. "നിയമത്തോടുള്ള ബലാല്‍കാരം" എന്നായിരുന്നു രാഷ്ട്രപിതാവ് ഈ കിരാതചട്ടത്തെ വിശേഷിപ്പിച്ചതെന്ന കാര്യം മഹാത്മാവിൻ്റെ ഘാതകരെ ഓർമ്മിപ്പിച്ചിട്ട് കാര്യമില്ലല്ലോ
പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രൂപകല്പന ചെയ്ത രാഷ്ട്രീയപരിച്ഛേദങ്ങളുടെ രാജ്ഞിയാണ് ഈ നിയമമെന്നും ഗാന്ധിജി പരിഹസിച്ചിരുന്നു. മോഡി ഭരണത്തിൽ സാമാന്യജനത്തിനെതിരെയും ഉറച്ച നിലപാടുള്ളവരെയും ഈ നിയമമുപയോഗിച്ച് അവർ വേട്ടയാടുന്നു. അവരുടെ അഭിലാഷങ്ങൾ പോലും അടിച്ചമർത്തുകയാണ് ലക്ഷ്യം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ നിയമം, സ്വതന്ത്രമായ അഭിപ്രായത്തിനും അത് പ്രകടിപ്പിക്കുന്നതിനും ഭരണഘടന ഉറപ്പുനൽകുന്ന 19ാം വകുപ്പിന് കടകവിരുദ്ധമാണ്. തുല്യനീതിയും തുല്യസംരക്ഷണവും നൽകുന്ന 14ാം വകുപ്പിനും ജീവിക്കാനുള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന 21ാം വകുപ്പിനും വാക്കുകളിലും ആശയങ്ങളിലും ഈ നിയമം എതിരുനിൽക്കുന്നു. 124എ നിയമത്തിന്റെ അന്ധമായ ദുരുപയോഗം രാജ്യത്തിന് എത്രയോ തവണ ബോധ്യപ്പെട്ടതാണ്. 1962ലെ കേദാർനാഥ് കേസ്, 2015ലെ കനയ്യ കുമാർ കേസ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. ജനകീയ പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോഴും ജനങ്ങളുടെ സ്വരമറിയാൻ ഭരണകൂടം തയ്യാറല്ല. പൗരത്വനിയമ ഭേദഗതിക്കെതിരായ കനത്ത പ്രക്ഷോഭങ്ങളിൽ രാജ്യദ്രോഹകുറ്റം വ്യാപകമായി ചുമത്തപ്പെട്ടു. അക്കാദമിക് സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ കാമ്പസുകൾക്ക് കനത്ത വില നൽകേണ്ടിവന്നു.

മനുഷ്യാവകാശ പ്രവർത്തകർ കൂട്ടത്തോടെ തുറുങ്കിൽ അടയ്ക്കപ്പെട്ടു. മാധ്യമ പ്രവർത്തകരെയും ബുദ്ധിജീവികളെയും ഭരണകൂടം വെറുതെ വിട്ടില്ല. ലക്ഷദ്വീപിൽ നിന്നുള്ള സിനിമാ പ്രവർത്തക അയിഷാ സുൽത്താന ഈ കണ്ണിയിൽ അവസാനത്തേതല്ല. മോഡിയുടെ ആത്മനിർഭർ ഭരണകൂടം കോളനിവാഴ്ചയുടെ ആയുധത്തെ സ്വന്തം പൗരന്മാർക്കെതിരെ പ്രയോഗിക്കുന്നു. വിനോദ് ദുവെ കേസിലെ സുപ്രീം കോടതി വിധി ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.

വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹകുറ്റത്തിൽ ഡൽഹി ഹൈക്കോടതി വിധിയും ഭരണകൂടത്തിന് ബോധ്യപ്പെടേണ്ടതായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവർത്തനങ്ങളും തമ്മിലുള്ള വേർതിരിവ് ബോധ്യപ്പെടാനാകാതെ മങ്ങൽ ബാധിച്ച ഭരണകൂടത്തെയാണ് കോടതി വിധികളിൽ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യ മൂല്യങ്ങളോടോ കോടതിയുടെ ജ്ഞാനത്തിലോ ആദരവ് പുലർത്തുന്നുവെങ്കിൽ 124എ നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഈ നിയമത്തിലേക്ക് കേവലം പുറമെ കണ്ണോടിച്ചാൽപോലും അതിലെ അന്യായമായ ഉദ്ദേശ്യങ്ങൾ തെളിഞ്ഞുകാണാം.

Recommended Video

cmsvideo
Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

കോളനിക്കാലത്തെ ഭരണാധികാരികൾ ജനങ്ങളുടെ എതിര്‍പ്പിനെ നേരിടാൻ പ്രയോഗിച്ച ഈ കിരാതനിയമം സ്വാതന്ത്ര്യം നേടി 71 വർഷങ്ങൾക്കു ശേഷവും സ്വന്തം പൗരന്മാർക്കെതിരെ രാജ്യത്തിന്റെ ഭരണകൂടം വ്യാപകമായി ഉപയോഗിക്കുന്നു എന്നത് എത്രയോ ലജ്ജാകരമാണ്. ജനങ്ങൾ രാജ്യത്തെ സ്നേഹിക്കുന്നവരാണ്. പക്ഷെ തങ്ങൾക്ക് ദുരിതവും കഷ്ടപ്പാടും മാത്രം നൽകുന്ന സർക്കാരിനെ അവർ സ്നേഹിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ. സർക്കാറിനെ ജനങ്ങൾക്ക് വിമർശിക്കേണ്ടി വരും. ഭരണകൂട വിമർശനങ്ങൾ അസാദ്ധ്യമാകുന്ന സാഹചര്യം ജനാധിപത്യത്തിൻ്റെ അന്ത്യമായിരിക്കുമെന്നും കെടി കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Being branded as a traitor is a tactical ploy, a fascist tactic: kt kunhikannan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X