ബംഗാള്‍ കേരളത്തില്‍ നിന്നും അത്ര ദൂരെയല്ല..!! അമ്മയെ തല്ലിയതിന് പക്ഷം പറയുമ്പോള്‍ ഓര്‍ക്കണം..!!
മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം ഇടതുകോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് നഷ്ടപ്പെട്ടതിനുള്ള കാരണം ഒറ്റവാക്കില്‍ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ വലതുപക്ഷവത്ക്കരണം എന്നാണ്. സാധാരണക്കാരില്‍ നിന്നും ദരിദ്രനില്‍ നിന്നും ഇടതുപക്ഷവും അതിന്റെ നേതാക്കളും അകന്നതിന്റെ തിക്തഫലം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അടിസ്ഥാനപരമായി മനുഷ്യന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടിയുള്ളവയാണ്. സാധാരണക്കാരന്റെ പാര്‍ട്ടിയായ സിപിഎം എന്നു മുതല്‍ വലത് പക്ഷത്തേപ്പോലെ മുതലാളിമാര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ച് തുടങ്ങിയോ അന്നുമുതല്‍ ആ പാര്‍ട്ടിയുടെ നാശം തുടങ്ങിയെന്ന് പറയാം.

പശ്ചിമ ബംഗാളില്‍ ടാറ്റയ്ക്ക് വേണ്ടി സിംഗൂരിലേയും നന്ദിഗ്രാമിലേയും പാവപ്പെട്ട കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിന്റെ വില തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അറിഞ്ഞു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പശ്ചിമബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ തള്ളിക്കളഞ്ഞു. 5 വര്‍ഷത്തെ ഭരണം എല്ലാത്തിനുമുള്ള ലൈസന്‍സാണ് എന്ന് ധരിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ബംഗാള്‍ തന്നത്.

കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള പിണിയാളുപണിയും പൊതുവിഷയങ്ങള്‍ ഏറ്റെടുക്കുന്നതിലെ വിമുഖതയും പറയുന്ന ആദര്‍ശം പലപ്പോഴും പ്രവര്‍ത്തിയില്‍ വരുത്തുന്നതിലെ പരാജയവുമെല്ലാം കേരളത്തിലെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎമ്മിനെ എത്രയോ തവണ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാരണമായിട്ടുള്ളതാണ്. അഴിമതിയിലും പെണ്‍വിഷയത്തിലും പെട്ട് നാണം കെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ശേഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റത് കൊട്ടക്കണക്കിന് പ്രതീക്ഷകളോടെയാണ്.

എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സാധിച്ചില്ലെങ്കിലും ഉള്ളത് കൂടി നശിപ്പിക്കരുത് എന്ന് പറഞ്ഞുപോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ മരണം കേരളത്തിലെ സിപിഎമ്മിനെതിരെ അണികളെപ്പോലും തിരിച്ചിരിക്കുകയാണ്. സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ ക്രൂരമായി നേരിട്ട, റോഡില്‍ വലിച്ചിഴച്ച, വയറില്‍ ചവുട്ടിയ പോലീസിനെ സിപിഎമ്മിനൊഴികെ ആര്‍ക്കാണ് ന്യായീകരിക്കേണ്ടത്

കേരളം മുഴുവന്‍ ഒരു വശത്തും പിണറായി വിജയനും പിണറായിയുടെ പോലീസും ഭക്തജനങ്ങളും മറുവശത്തും നില്‍ക്കുന്ന ദുരന്തകാഴ്ചയാണ് രണ്ട് ദിവസമായി കേരളത്തില്‍ കാണുന്നത്. എഎന്‍ ഷംസീറെന്ന ഡിവൈഎഫ്‌ഐ നേതാവും ജെയ്ക്ക് സി തോമസെന്ന എസ്എഫ്‌ഐ നേതാവും എംഎം മണിയെന്ന മന്ത്രിയും പോലീസ് നടപടിയെ പച്ചയ്ക്ക് ന്യായീകരിച്ച് അപഹാസ്യരായി. സോഷ്യല്‍ മീഡിയയില്‍ ന്യായീകരണ സഖാക്കള്‍ വിയര്‍ക്കുന്നു. സിപിഎമ്മിന്റെ ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ ബിജെപി പോലുള്ള വര്‍ഗീയ ശക്തികള്‍ക്കുള്ള വളമൊരുക്കള്‍ കൂടിയാണെന്നെങ്കിലും ഓര്‍ത്താല്‍ നന്ന്. സാധാരണക്കാരന്റെ മനസ്സറിയാത്ത ഒരു പാര്‍ട്ടിയും രാഷ്ട്രീയക്കാരനും ധാര്‍ഷ്ട്യത്തിന്റെ പുറത്ത് നിലനിന്ന ചരിത്രമില്ല. ബെംഗാളില്‍ സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിച്ചു കൂടായ്കയില്ല. സമീപഭാവിയില്‍ തന്നെ.












Click it and Unblock the Notifications