കേരളത്തില്‍ ഭാരത് ബന്ദ് ഇല്ല; ആശയക്കുഴപ്പമുണ്ടാക്കി പോലീസ്, ജാഗ്രതാ നിര്‍ദേശം എന്തിന്?
തിരുവനന്തപുരം: കേരളത്തില്‍ പ്രഖ്യാപിക്കാത്ത ബന്ദിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കി പോലീസ്. നാളെ ഭാരത് ബന്ദ് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായതോടെയാണ് പോലീസിനോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാന പോലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല.

ബന്ദ് പ്രഖ്യാപിക്കാതെ എന്തിനാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നാണ് ചോദ്യം. ഇത് വലിയ ആശയക്കുഴപ്പത്തിനും കാരണമായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയെതന്നാണ് സൂചന. വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കാനാണ് ഡിജിപി നിര്‍ദേശിച്ചത്. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പോലീസ് സുരക്ഷയും ഉറപ്പാക്കും. ഇന്ന രാത്രി മുതല്‍ പ്രധാന സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തുമെന്ന് ഡിജിപി അറിയിച്ചിരുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചത്. പോലീസിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിന് പിന്നാലെ നല്‍കി. സമൂഹ മാധ്യമങ്ങളില്‍ ഭാരത് ബന്ദുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഒരു സംഘടനയും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. പോലീസ് അനാവശ്യ ജാഗ്രത നിര്‍ദേശം കൊണ്ട് വന്ന് ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാന വിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.












Click it and Unblock the Notifications