'ചിലർക്കെല്ലാം പരിഹാസമായിരുന്നു': ആത്മകഥ എഴുതുകയാണെങ്കില്‍ ഇടുക ആ പേരെന്ന് ശോഭ വിശ്വനാഥ്
ബിഗ് ബോസ് പോലൊരു ടെലിവിഷന്‍ പരിപാടിയില്‍ വന്ന് ഇല്ലാക്കഥകള്‍ പറയേണ്ട ആവശ്യം തനിക്കില്ലെന്ന് ശോഭ വിശ്വനാഥ്. റൊണാള്‍ഡോയുടെ ഓർഡറിനെക്കുറിച്ചുള്ള ആരോപണങ്ങളിലായിരുന്നു താരത്തിന്റെ പ്രതികരണം. സത്യത്തില്‍ ഞാന്‍ ബിഗ് ബോസിലേക്ക് വരുന്നതിന് തൊട്ടുമുന്‍പ് വന്ന ഒരു ഓർഡറായിരുന്നു. റൊണാള്‍ഡോയെ കാണുന്നതിനായി ഒരാള്‍ ദുബായിലേക്ക് പോവുമ്പോള്‍ ഗിഫ്റ്റ് ചെയ്യുന്നതിന് വേണ്ടി സെറ്റ് മുണ്ടും ഷർട്ടും ഡിസൈന്‍ ചെയ്യാന്‍ പറ്റുമോയെന്നാണ് എന്നോട് ചോദിച്ചതെന്നും താരം പറയുന്നു.
ബിഗ് ബോസിലേക്ക് വരുന്നതിന്റെ തിരക്കിലായതിനാല്‍ അന്ന് ആ ഓർഡർ ചെയ്തുകൊടുക്കാന്‍ സാധിച്ചില്ല. തിരിച്ച് വന്നതിന് ശേഷം നോക്കാം എന്ന് പറഞ്ഞാണ് ബിഗ് ബോസിലേക്ക് പോവുന്നത്. അക്കാര്യം പറഞ്ഞത് ഇത്രയും വലിയ ഒരു ട്രോള്‍ ആയി മാറുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജുനൈസ് എന്തോ പറഞ്ഞപ്പോഴാണ് ഇക്കാര്യം ഞാന്‍ വിശദമായി പറയുന്നത്. ആള്‍ക്കാരില്‍ ഒരു പക്ഷം ഇത് വിശ്വസിച്ചിട്ടില്ലെന്ന് അപ്പോഴും എനിക്ക് മനസ്സിലായിട്ടില്ലെന്നും ശോഭ വ്യക്തമാക്കി. ഗോള്‍ഡന്‍ ഗാല എന്ന യൂട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം.

അവസാനമായി ഞാന്‍ ഡിസൈന്‍ ചെയ്ത പ്രമുഖരില്‍ ഒരാള്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനാണ്. അതുപോലെ മേരി കോം, പിവി സിന്ധു എന്നിവർക്കും ഡിസൈന്‍ ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു ഒരു റോബോയെ വരെ സെറ്റ് മുണ്ട് ഉടുപ്പിച്ചിട്ടുണ്ട്. ഒസ്കോറിന് വേണ്ടി ഡിസൈന്‍ ചെയ്യുക എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. ചുരുക്കത്തില്‍ എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് റൊണാള്‍ഡോയ്ക്ക് ഡിസൈന്‍ ചെയ്യാന്‍ പാടില്ലായെന്നാണ്.
ബിഗ് ബോസിലൂടെ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ പറ്റിയെന്നുള്ളതാണ് പുറത്ത് വന്നതിന് ശേഷം ആളുകള്‍ കൂടുതലായി പറഞ്ഞ് കേട്ടിട്ടുള്ളത്. ഡിപ്രഷനിലും അത്മഹത്യയുടെ വക്കിലും എത്തി നില്‍ക്കുന്നവർ പോലും എന്റെ ലൈഫ് സ്റ്റോറിയും നെവർ ഗീവ് അപ്പ് ആറ്റിറ്റ്യൂഡും കണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നവരുണ്ട്. എന്ത് സംഭവിച്ചാലും അതിനെ മറികടക്കാന്‍ കഴിയും എന്നതിലൊക്കെ പ്രചോദനമായി എന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.
സാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരുപാട് യുവതികള്‍ സാരി ഉടുക്കാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു, കുഞ്ഞുകുട്ടികള്‍ വരെ സാരിയുടുത്ത് ഞാന്‍ സംസാരിക്കുന്നത് പോലെയുള്ള വീഡിയോ ഒക്കെ എടുത്ത് അയച്ച് തന്നു. അതൊക്കെ ഏറെ ആഹ്ളാദിപ്പിക്കുന്ന കാര്യമാണെന്നും ശോഭ വിശ്വനാഥ് പറയുന്നു.
ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ "അയേണ്‍ ലേഡി" എന്ന ടൈറ്റിലായിരിക്കും ഇടുക. എന്റെ ജീവിതവും അനുഭവങ്ങളും എന്നെ ആ ഒരു അവസ്ഥയിലേക്ക് എത്തിച്ചു. അഭിമാനത്തോടെ തന്നെ ഞാന്‍ അത് പറയും. എനിക്ക് മറ്റുള്ളവർ ഇട്ട ഒരു പേരാണ് അത്. ആ പേര് വിളിച്ച് ചിലരൊക്കെ എന്നെ കളിയാക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ അത് തന്നെയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാന്‍ പറയുമെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications