ഒഡീഷയില്‍ നിന്നും കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ലഹരി മരുന്ന് മാഫിയ പിടിമുറുക്കുന്നു.
നഗരത്തില്‍ വീണ്ടും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ബിഹാർ സിവാന്‍ ജില്ല സ്വദേശിയായ രാജേഷ് മാജി എന്ന റിത്വിക്ക് (27) നെയാണ് അഞ്ച് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പത്തോളം പേരെ പൊലിസ് - എക്സൈസ് റെയ്ഡില്‍ ലഹരികളുമായി പിടികൂടുന്നത്.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കണ്ണൂരിലെ ലോഡ്ജുകളില്‍ മാസ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി വന്‍ ലാഭത്തില്‍ വില്‍പ്പന ചെയ്യുന്ന രീതിയാണ് ഇയാളുടേത് . ആഴ്ച്ചകളോളം എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വന്ന് വില്‍പ്പന ചെയ്തു വരികയായിരുന്നു.
എക്സൈസിന്റെ സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി സംയുക്തമായാണ് ഇയാളെ വലയിലാക്കിയത് . ഒറീസയില്‍ നിന്നുമാണ് പ്രതി കഞ്ചാവ് എത്തിച്ചത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ എം.കെ സന്തോഷ് ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുഹൈല്‍ പി പി, സജിത്ത് എം, അനീഷ് ടി , റോഷി കെ പി, എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , സൈബര്‍ സെല്‍ അംഗങ്ങളായ ടി സനലേഷ് ,സുഹീഷ് എന്നിവര്‍ ചേര്‍ന്നാണ് ബിഹാര്‍ സ്വദേശിയെപിടികൂടിയത് . പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വേട്ട ശക്തമാക്കാന്‍ കണ്ണൂര്‍ സിറ്റിപൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പ്രത്യേകനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,വരും ദിനങ്ങളിലും റെയ്ഡു ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.