'കുഴപ്പങ്ങളൊന്നുമില്ല, നടന്നല്ലേ കയറിയത്, പ്രാർത്ഥിച്ചതിന് നന്ദി'; ബിനു അടിമാലി ആശുപത്രി വിട്ടു
കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. യാതൊരു കുഴപ്പവുമില്ലെന്നും പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
'എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാർഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാൻ ഇപ്പോൾ നടന്നല്ലേ കാറിൽ കയറിയത്', എന്നായിരുന്നു ആശുപത്രിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബിനു അടിമാലി മാധ്യമങ്ങളോട് പ്രതികരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ബിനു അടിമാലി ചികിത്സയിൽ കഴിഞ്ഞിരുന്നത്. മുഖത്ത് സാരമായി പരിക്കേറ്റ ബിനുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ബിനു അടിമാലിക്കൊപ്പമുണ്ടായിരുന്ന ഉല്ലാസ് അരൂരും മിമിക്രി താരം മഹേഷ് കുഞ്ഞുമോനും പരിക്കേറ്റ് ചികിത്സയിലാണ്. ഉല്ലാസ് അരൂർ ബിനുവിനൊപ്പം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. അപകടത്തിൽ ഉല്ലാസിന് എല്ലിന് പൊട്ടലേറ്റിരുന്നു.
അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞുമോൻ. മഹേഷിന്റെ മുഖത്തും പല്ലിനുമാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂർത്തിയായതായും ഇപ്പോൾ ആരോഗ്യവാനാണെന്നും സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിൻ അറിയിച്ചിരുന്നു.
ജൂൺ 5നാണ് ഹാസ്യതാരങ്ങളായ ബിനു അടിമാലി, കൊല്ലം സുധി എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. വടകരയിൽ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉല്ലാസ് അരൂർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.കാറിന്റെ മുൻസീറ്റിലിരുന്ന സുധിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.












Click it and Unblock the Notifications