'പീഡനക്കേസിലെ പ്രതിയെ ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിന് ക്ഷണിച്ചു', വിമർശനവുമായി ബിജെപി
തിരുവനന്തപുരം: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെ ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികളില്‍ ഒരാളായി ക്ഷണിച്ചതിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുരാഗ് കശ്യപിനെ നാട്ടില്‍ കയറ്റില്ല. ആ അനുരാഗ് കശ്യപിനെ കൊച്ചിയില്‍ താമസിപ്പിക്കാന്‍ പോവുകയാണ്. ഇരയായ നടിയെ കൊണ്ട് പീഡനക്കേസിലെ പ്രതിയെ ഷാള്‍ അണിയിപ്പിച്ചു എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും നിശിത വിമര്‍ശകനാണ് അനുരാഗ് കശ്യപ്. പൗരത്വ നിയമം അടക്കമുളള വിഷയങ്ങളില്‍ സര്‍ക്കാരിന് എതിരായ നിലപാടുകളാണ് അനുരാഗ് സ്വീകരിച്ചത്.

കൊച്ചിയില്‍ വീട് വെയ്ക്കാന്‍ അനുരാഗ് ആലോചിക്കുന്നതായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശിലേക്ക് അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി. യുപിയില്‍ കാലുകുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണനും അനുരാഗ് കശ്യപിനെ ഐഎഫ്എഫ്‌കെയില്‍ പങ്കെടുപ്പിച്ചതിനെതിരെ രംഗത്ത് വന്നു. മീ ടൂ കേസിലും ബലാത്സംഗക്കേസിലും നികുതി വെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകന്‍ അനുരാഗ് കശ്യപിനെ ഐഎഫ്എഫ്‌കെയില്‍ പങ്കെടുപ്പിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മലയാളികളെ മുഴുവന്‍ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാലും നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് അനുരാഗ് കശ്യപ്. തന്റെ ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടാത്തവയാണ്. എന്നാൽ അതേ ചിത്രങ്ങൾക്ക് ഇന്ത്യക്കു പുറത്ത് അംഗീകാരങ്ങൾ ലഭിക്കാറുണ്ടെന്നും അത് നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാസ്റ്റർ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ സെക്സ്, വയലൻസ് എന്നിവയോട് വളരെ ഇടുങ്ങിയ മനോഭാവമുള്ള രാജ്യമാണ് ഇന്ത്യ. ലോകം ഏറെ പുരോഗമിച്ചിട്ടും അത്തരം ചിത്രങ്ങളോടുള്ള പ്രേക്ഷകന്റെ നിലപാടുകൾ മാറിയിട്ടില്ല. എന്നാൽ സർഗാത്മകതക്കും സ്വഭാവികതക്കും പ്രാധാന്യം നൽകിയാണ് താൻ ചിത്രങ്ങൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications