ശബരിമല സമരത്തിന്റെ രൂപം മാറുന്നു; കളിമാറ്റി ബിജെപി, ദേശീയ നേതാക്കള്‍ വരുന്നു, അമിത് ഷായും?
തിരുവനന്തപുരം: ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി സമരത്തിന്റെ രൂപം മാറ്റാന്‍ ആലോചിക്കുന്നു. ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാനാണ് പദ്ധതി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുംദിവസങ്ങളില്‍ എത്തിയേക്കും.
കേന്ദ്രസര്‍ക്കാരുമായും മുതിര്‍ന്ന ബിജെപി നേതാക്കളുമായും സംസ്ഥാന ബിജെപി നേതൃത്വം വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. സമരം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും. ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ശബരിമല വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി മാറ്റാനുമാണ് ബിജെപി ആലോചിക്കുന്നത്.....

ദിവസവും പ്രമുഖര്‍
ദിവസവും പ്രമുഖരായ നേതാക്കളെ ശബരിമലയില്‍ എത്തിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ശബരിമല വിഷയം ചര്‍ച്ചയാക്കി നിര്‍ത്താനും സമരം ശക്തമാക്കാനും കേന്ദ്രനേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇതുസംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏഴ് സംസ്ഥാനങ്ങളിലേക്ക്
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി എംപിമാരെ ശബരിമലയില്‍ എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഏഴ് സംസ്ഥാനങ്ങളിലേക്ക് ശബരിമല സമരം വ്യാപിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നവരുള്ള സംസ്ഥാനങ്ങളിലാണ് വിഷയത്തില്‍ സമരം നടത്തുക. കൂടാതെ ദേശീയതലത്തില്‍ വിഷയം ചര്‍ച്ചയാക്കുകയും ചെയ്യും.

പുതിയ വിഷയം ഏറ്റെടുക്കുന്നു
യുവതീ പ്രവേശന വിഷയത്തില്‍ സമരത്തിലുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ ശബരിമലയിലെ മറ്റു വിഷയങ്ങളും ഏറ്റെടുക്കുകയാണ്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഇനി സമരം ശക്തമാക്കുക. പത്തനംതിട്ടയില്‍ ധര്‍ണ നടത്തുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ശബരിമലയിലെ ഓരോ വിഷയങ്ങളും സജീവ ചര്‍ച്ചയാക്കുക എന്നതാണ് ഉദ്ദേശം.

ഭക്തര്‍ക്ക് ഒന്നും ലഭിക്കുന്നില്ല
സന്നിധാനത്ത് വിരിവെക്കണം, പമ്പയിലും എരുമേലിയിലും സന്നിധാനത്തും കുടിവെള്ളം ലഭിക്കണം, വഴി വിളക്കുകള്‍ സ്ഥാപിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അടുത്ത സമരമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയിലെ എല്ലാ സൗകര്യങ്ങളും പോലീസുകാര്‍ക്ക് വേണ്ടി മാറ്റിയിരിക്കുകയാണ്. ഭക്തര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേന്ദ്രവുമായി ചര്‍ച്ച ചെയ്തു
കേന്ദ്രസര്‍ക്കാരുമായി ശബരിമല വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. വെള്ളിയാഴ്ചയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു. സുരേന്ദ്രന്‍ ഇപ്പോള്‍ റിമാന്റിലാണ്. ആരാധനാ സ്വാതന്ത്ര്യം തടഞ്ഞുവെന്ന പേരില്‍ പോലീസിനെതിരെ പരാതി നല്‍കാനാണ് ബിജെപി ഇപ്പോള്‍ ആലോചിക്കുന്നത്.

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി
സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയതാണ്. ശബരിമലയില്‍ നടക്കുന്നതെല്ലാം നിയമവിരുദ്ധമാണ്. നിയമവ്യവസ്ഥ തങ്ങള്‍ക്ക് പുല്ലാണ് എന്ന മട്ടിലാണ് സര്‍ക്കാരും പോലീസും പെരുമാറുന്നത്. ശബരിമലയിലെ സംഭവങ്ങള്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. ആത്മസംയമനത്തോടെയാണ് ബിജെപി സമരം. പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications