ശശി തരൂര്‍ പോലും പറയാത്ത പദവുമായി സന്ദീപ് വാര്യര്‍; ക്ലെപ്‌റ്റോക്രസി!! മുഖ്യമന്ത്രിയും കുടുംബവും...
കൊച്ചി: പുതിയ പദപ്രയോഗവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ക്ലെപ്‌റ്റോക്രസി എന്ന പദമാണ് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുത്തിയത്. കള്ളന്‍ തന്നെ ഭരണാധികാരിയാകുക എന്നാണ് ഈ വാക്കിന്റെ വ്യാഖ്യാനമത്രെ. കേരളത്തിലെ എഐ ക്യാമറ അഴിമതിയും മറ്റും സൂചിപ്പിച്ചാണ് സന്ദീപ് വാര്യര്‍ ഈ വാക്ക് പരിചയപ്പെടുത്തുന്നത്.
കേരളത്തില്‍ എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയുണ്ട് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. അതിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ശശി തരൂർ പോലും പറയാത്ത , എന്നാൽ കാലിക പ്രസക്തമായ ഒരു ആംഗലേയ പദം പരിചയപ്പെടുത്താം . Kleptocracy (ക്ലെപ്റ്റോക്രസി ) . ഒരു ഭരണാധികാരി തന്നെ നാടിന്റെ സ്വത്ത് കൊള്ള ചെയ്യാൻ തന്റെ ബന്ധുക്കൾക്ക് സൗകര്യം ചെയ്തു കൊടുക്കുകയും നാട് കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥയെ ആണ് ക്ലെപ്റ്റോക്രസി എന്ന് പറയുന്നത് . കള്ളൻ തന്നെ ഭരണാധികാരിയാവുക എന്നതാണ് ക്ലെപ്റ്റൊക്രസിയുടെ വ്യാഖ്യാനം .
ലോകത്തെ പ്രധാന ക്ലെപ്റ്റോക്രസികളിൽ ഒന്നായി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ വിലയിരുത്തിയിരുന്നു . കാസ്ട്രോ സഹോദരന്മാർ വൻ തോതിൽ സമ്പന്നരാകുകയും ക്യൂബ നശിച്ച് നാറാണക്കല്ലെടുക്കുകയും ചെയ്തു .
ഉത്തര കൊറിയയിലെ കിം ജോംഗ് ഉന്നിന്റെ കുടുംബവും ക്ലെപ്റ്റോക്രസിയുടെ ഉദാഹരണമാണ് . ഭരണ സംവിധാനം ഉപയോഗിച്ച് നാടിനെയും നാട്ടുകാരെയും കഷ്ടപ്പെടുത്തുമ്പോഴും ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കുടുംബം തടിച്ച് കൊഴുക്കുന്നു .
ചൈനീസ് ഭരണകൂടത്തിലും ക്ലെപ്റ്റോക്രസി ഉള്ളതായി ആക്ഷേപങ്ങളുണ്ട് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുടെ കുടുംബങ്ങൾ ഭരണം ദുരുപയോഗിച്ച് ശതകോടീശ്വരന്മാരായി മാറി .
സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്റ്റൊക്രസി ആയിരുന്നു . സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നാടിന്റെ സമ്പത്ത് കൊള്ളയടിച്ചു , അതേ സമയം ജനങ്ങളെ പട്ടിണിപ്പാവങ്ങളാക്കി മാറ്റി .
ഇനി നമ്മുടെ നാട്ടിലേക്ക് വരാം . എഐ കാമെറാ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവും ആരോപണ വിധേയനായിരിക്കുന്നു . നേരത്തെ മുഖ്യമന്ത്രിയുടെ മകളും കുടുംബവുമെല്ലാം മറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണ് . മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി അടക്കം അഴിമതിക്കേസിൽ ജയിലിലാണ് .
ഒരേ സമയം ജനങ്ങളെ , സകല നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിപ്പിച്ചും നികുതികളും സർക്കാർ ഫീസുകളും ക്രമാതീതമായി വർധിപ്പിച്ചും പിഴിയുകയും അങ്ങനെ സർക്കാരിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം അഴിമതിക്കായി ഡിസൈൻ ചെയ്ത എഐ ക്യാമറ പോലെയുള്ള പ്രോജക്ടുകളിലൂടെ സ്വന്തം കുടുംബത്തിലേക്ക് റൂട്ട് ചെയ്യുകയും ചെയ്യുന്ന കേരളത്തിന്റെ ഭരണാധികാരിയെ ക്ലെപ്‌റ്റോക്രാറ്റ് എന്നല്ലേ വിളിക്കേണ്ടത് ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമാണ് .
ലോകത്തെ കുപ്രസിദ്ധരായ ക്ലെപ്‌റ്റോക്രാറ്റുകളെല്ലാം അവർ കൊള്ള ചെയ്ത പണം സൂക്ഷിക്കുന്നത് ദുബായ് പോലെയുള്ള ചില സ്ഥലങ്ങളിലാണ് . ഇപ്പൊ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വന്നല്ലോ അല്ലേ ?


Click it and Unblock the Notifications