ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ ബിജെപി നേതാക്കള്‍ എത്തും; ഇക്കുറി സ്നേഹ യാത്രയില്ല
തിരുവനന്തപുരം: ഈസ്റ്റര്‍ ഞായറാഴ്ച്ച ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍. ഈസ്റ്റര്‍ ശുശ്രൂഷള്‍ക്കായി ഇന്ന് വിശ്വാസികള്‍ കൂട്ടത്തോടെ പള്ളികളിലെത്തുന്ന സാഹചര്യത്തിലാണ് ബിജെപി നേതാക്കളും സൗഹൃദ സന്ദര്‍ശനത്തിനെത്തുന്നത്. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിക്ക് ഒപ്പം ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
മുന്‍ വര്‍ഷങ്ങളില്‍ ഈസ്റ്ററിനും ക്രിസ്തുമസിനും സംസ്ഥാന തലത്തില്‍ അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും നടത്തിവന്നിരുന്ന സ്നേഹ യാത്രയ്ക്ക് പകരമാണ് ഇക്കുറി ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം പെസഹാ ദിനത്തില്‍ അപ്പവും ഈസ്റ്റര്‍ ആശംസാ കാര്‍ഡുകളുമായി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരുടെ വീടുകളില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യേശുവിന്റെയും ചിത്രങ്ങളുള്ള ആശംസാകാര്‍ഡുകളാണ് സമ്മാനിച്ചത്.

ക്രിസ്മസ് അവധിക്കാലത്തും കേക്കും പ്രധാനമന്ത്രിയുടെ ആശംസയുമൊക്കെയായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കുള്ള നേതാക്കള്‍ എത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തു നിര്‍ത്താനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ ദിന സന്ദര്‍ശനം. തൃശൂര്‍ ഉള്‍പ്പടെയുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ ഈ സ്‌നേഹയാത്രകള്‍ ഫലമുണ്ടാക്കിയെന്ന വിലയിരുത്തലും ഉണ്ടായി.
എന്നാല്‍ ഇക്കുറി ഭവനങ്ങള്‍ക്കു പകരമാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക് തിരുവനന്തരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ കൈമാറും.
മുന്‍ വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തു ദിവസം മുന്‍പേതന്നെ സ്നേഹയാത്ര വ്യാപകമായി സംഘടിപ്പിച്ചിരുന്നു. ബിജെപിയുടെ ബൂത്ത് തലം വരെയുള്ള നേതാക്കള്‍ സ്നേഹയാത്രയുടെ ഭാഗമായി. സ്‌നേഹ യാത്രയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇക്കുറി സ്നേഹയാത്ര ഇല്ലെന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് മതമേലധ്യക്ഷന്‍മാരെ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.












Click it and Unblock the Notifications