
ശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപി
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മൂന്ന് സീറ്റ് ഉറപ്പിക്കാന്‍ ഭഗീരഥ യത്‌നവുമായി ബി ജെ പി. നരേന്ദ്ര മോദി എന്ന ബ്രാന്‍ഡ് ആയുധമാക്കിയാണ് ബി ജെ പിയുടെ മുന്നൊരുക്കം. ബി ജെ പിക്ക് മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ടുള്ള ജില്ലകളിലാണ് പുതിയ പദ്ധതിയുമായി ബി ജെ പി നേതൃത്വം രംഗത്തിറങ്ങുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ട് ശതമാനം അടിസ്ഥാനപ്പെടുത്തി പുതിയ സാഹചര്യം കൂടി കണക്കിലെടുത്താണ് ബി ജെ പി തന്ത്രം മെനയുന്നത്. നരേന്ദ്ര മോദിയുടെ ജനപ്രീതി ആയുധമാക്കി, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെ ഏകോപന ചുമതല ഏല്‍പ്പിച്ചാണ് ബി ജെ പി നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ ഇങ്ങനെയാണ്...

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ശബരിമല യുവതി പ്രവേശനം ബി ജെ പി വലിയ രീതിയില്‍ പ്രചരാണയുധമാക്കിയിരുന്നു. എന്നാല്‍ അത് കേരളത്തില്‍ ഏശിയില്ല. കൂടാതെ ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും ഇതിനിടെ പയറ്റിയിരുന്നു. ഇതൊന്നും പച്ച പിടിക്കാത്ത സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ബി ജെ പി രംഗത്തെത്തുന്നത്.

നരേന്ദ്ര മോദിയുടെ ജനപ്രീതി മുന്‍നിര്‍ത്തി, സംസ്ഥാനത്തെ കേന്ദ്ര പദ്ധതികള്‍ ചൂണ്ടിക്കാട്ടുക എന്നതാണ് ഇതിലെ ആദ്യഘട്ടം. കേരളത്തിലെ സാഹചര്യം പഠിക്കാന്‍ കേന്ദ്ര നേതൃത്വം സര്‍വെ വരെ നടത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് കേരളത്തിലെ 35 ശതമാനം വോട്ടര്‍മാര്‍ക്ക് നരേന്ദ്ര മോദിയോട് ആരാധനയുണ്ട് എന്നാണ് മനസിലാക്കിയിരിക്കുന്നത്. കൂടാതെ കേരളത്തില്‍ കേന്ദ്രത്തിന്റെ ഇരുനൂറോളം ജനക്ഷേമ പദ്ധതികളില്‍ ഏതെങ്കിലും ഒന്നിന്റെ ഗുണഭോക്താവായ ഒന്നേകാല്‍ കോടി വോട്ടര്‍മാരുണ്ട്.

അതിനാല്‍ മോദിയുടെ വികസന- ജനക്ഷേമ പ്രതിച്ഛായ കേരളത്തില്‍ പയറ്റിനോക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഓരോ മാസവും ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തി ഓരോ ജില്ലയിലും നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രചരണത്തിന് ചുക്കാന്‍ പിടിക്കും. സംസ്ഥാനത്തെ ബൂത്ത് കമ്മിറ്റികള്‍ 18,000ത്തില്‍ നിന്ന് 22,000 ആയി അടുത്ത വര്‍ഷം മധ്യത്തോടെ വര്‍ധിപ്പിക്കും.

പഞ്ചായത്ത് സമിതി അധ്യക്ഷന്‍ മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള 15,000 നേതാക്കള്‍ ഹോം ബൂത്തുകള്‍ രൂപീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ അഭിനന്ദിക്കുകയും മറ്റ് പദ്ധതികളെ കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരനാണ് 'ബ്രാന്‍ഡ് മോദി'യുടെ ഏകോപന ചുമതല.

ഇതോടൊപ്പം കേന്ദ്രമന്ത്രിമാരായ ശോഭ കരന്ത്‌ലജെ, ഭഗവന്ത് ഖുബെ, സുരേഷ് ഗോപി തുടങ്ങിയവരുടെ ടീമും പ്രവര്‍ത്തിക്കും. കേരളത്തിലെ ബി ജെ പി നേതാക്കളേക്കാള്‍ ജനപ്രീതി സുരേഷ് ഗോപിക്ക് ഉള്ളതിനാല്‍ അദ്ദേഹത്തെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരമാവധി ഉപയോഗിക്കാനാണ് ബി ജെ പിയുടെ ശ്രമം. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളാണ് ബി ജെ പിയുടെ ടോപ് 3 ജില്ലകള്‍.

ഇവിടെ 3 ലക്ഷത്തോളം വോട്ട് ബി ജെ പിക്കുണ്ട്. ഇത് കൂടാതെ രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടുള്ള പാലക്കാടും കാസര്‍കോടും ആറ്റിങ്ങലും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. 2024 ല്‍ മിഷന്‍ 450 എന്ന ലക്ഷ്യം വെച്ചാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 303 സീറ്റാണുള്ളത്. 2019 ല്‍ 144 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇവ കൂടി പിടിച്ചെടുത്ത് ബി ജെ പിയെ അപരാജിത ശക്തിയാക്കാനാണ് കേന്ദ്ര നേതൃത്വം പദ്ധതിയിടുന്നത്.