പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ എംടി രമേശ് എത്തി, കടകളച്ച് സ്ഥലം വിട്ട് നാട്ടുകാർ
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാന്‍ പരിപാടി സംഘടിപ്പിച്ച ബിജെപിക്ക് നാണക്കേട്. അമ്പലപ്പുഴ വളഞ്ഞ വഴി എന്ന സ്ഥലത്താണ് ബിജെപി ജനജാഗ്രതാ സദസ്സ് വിളിച്ച് ചേര്‍ത്തത്. ബിജെപി മണ്ഡലം കമ്മിറ്റി ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കടകളും വീടുകളും അടച്ച് ഹര്‍ത്താല്‍ രീതിയിലാണ് പ്രദേശവാസികള്‍ ബിജെപിയോട് പ്രതികരിച്ചത്.
ബിജെപി സംസ്ഥാന നേതാവ് എംടി രമേശ് ആണ് പരിപാടിയില്‍ സംസാരിക്കാനായി എത്തിയിരുന്നത്. പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ എത്തി കസേരകള്‍ നിരത്താന്‍ ആരംഭിച്ചു. ഇതോടെ പ്രദേശത്തുളള കടക്കാര്‍ തങ്ങളുടെ കടകള്‍ക്ക് ഷട്ടറിട്ട് സ്ഥലം വിട്ടു.
തീര്‍ന്നില്ല, പ്രദേശത്തുളള വീടുകളില്‍ നിന്നും ആരും പുറത്തേക്ക് ഇറങ്ങിയതുമില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ആശങ്കയിലായി. അക്രമം വല്ലതും നടക്കുമോ എന്ന സംശയത്തില്‍ പോലീസിനെ വിവരം അറിയിച്ചു. ഒരു വണ്ടി പോലീസും സ്ഥലത്ത് എത്തി. എന്നാല്‍ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. ആളുകള്‍ പരിപാടി ബഹിഷ്‌ക്കരിച്ചതോടെ സ്‌റ്റേജിലെ നേതാക്കളും സദസ്സിലെ ബിജെപി പ്രവര്‍ത്തകരും മാത്രമായി പരിപാടിയിലെ പങ്കാളിത്തം ചുരുങ്ങി.
പൗരത്വ ഭേദഗതിയെ കുറിച്ച് സ്വന്തം പാര്‍ട്ടിക്ക് മാത്രം വിശദീകരിച്ച് കൊടുക്കേണ്ട അവസ്ഥയിലായി ബിജെപി നേതാവ് എംടി രമേശ്. പണി പാളിയതോടെ ബിജെപി പ്രവര്‍ത്തകരോട് പൗരത്വ ഭേദഗതിയെ കുറിച്ച് സംസാരിച്ച ശേഷം എംടി രമേശ് മടങ്ങിപ്പോയി. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ വരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് കോഴിക്കോട് ജില്ലയിലെ കരാടി എന്ന സ്ഥലത്ത് നാട്ടുകാര്‍ വീടിന് മുന്നില്‍ എഴുതി വെച്ചത് ദേശീയ തലത്തില്‍ അടക്കം വാര്‍ത്തയായിരുന്നു.