ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന കർസേവകരായ ജഡ്ജിമാരാണ് ബിജെപിയുടെ ലക്ഷ്യം: എംവി ജയരാജന്‍
അബ്ദുള്‍ നസീറിനെ ഗവർണ്ണാറായി നിയമിച്ചതില്‍ രൂക്ഷ വിമർശനമാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ നടത്തുന്നത്

ദില്ലി: വിരമിക്കുന്ന ജഡ്ജിമാർക്ക് രാഷ്ട്രീയ നിയമനങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര സർക്കാറിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവും പാർട്ടി ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. ജഡ്ജിമാർക്ക് നൽകുന്നു ഉന്നതപദവികൾ സംഘപരിവാറിന്റെ 'പ്ലാവിലകൾ' ആണെന്നാണ് അദ്ദേഹം വിമർശിക്കുന്നത്. ബാബരി മസ്ജിദ് കേസില്‍ ഉള്‍പ്പടെ വിധി പറഞ്ഞ മുന്‍ സുപ്രീംകോടതി ജഡ്ജി അബ്ദുൾ നസീറിനെ ആന്ധ്ര പ്രദേശ് ഗവർണറായി നിയമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു എംവി ജയരാജന്റെ പ്രതികരണം. സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യറിയല്ല, ആർ എസ് എസ് അജണ്ട നടപ്പാക്കുന്ന കർസേവകരായ ജഡ്ജിമാരാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സി പി എം നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ജഡ്ജിമാർക്ക് നൽകുന്നു ഉന്നതപദവികൾ സംഘപരിവാറിന്റെ 'പ്ലാവിലകൾ'
============
പരേതനായ ബിജെപി നേതാവ് അരുൺ ജെയ്റ്റിലിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. ''വിരമിച്ചശേഷം ജഡ്ജിമാരെ ഉന്നത പദവികളിൽ നിയമിക്കരുത്, അത് വിധിന്യായങ്ങളെ സ്വാധീനിക്കും''. ഇത് പൂർണ്ണമായും നിരാകരിച്ചുകൊണ്ടാണ് ബിജെപി സർക്കാർ റിട്ടയർ ചെയ്ത ഉടൻ വിവിധ പദവികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത്. ബിജെപിയുടെ വാക്കും പ്രവൃത്തിയും കടലും കടലാടിയും പോലെയാണ്. അയോധ്യാവിധിയും നോട്ട് നിരോധന വിധിയും സംഘപരിവാർ അനുകൂലവും ഭരണഘടനാ വിരുദ്ധവുമായിരുന്നു. പരക്കെ വിമർശനത്തിനും ജനകീയ പ്രതിഷേധത്തിനും ഇടയാക്കിയ വിധികൾ. ഈ വിധികളെഴുതിയ മുൻ ചീഫ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമായും, മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയെ മഹാരാഷ്ട്ര ലോ യൂണിവേഴ്‌സിറ്റി ചാൻസലറായും ജഡ്ജിമാരായ അശോക് ഭൂഷണെ ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ അദ്ധ്യക്ഷനായും അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായുമാണ് നിയമിച്ചത്. ഭരണഘടനാ മൂല്യങ്ങൾക്ക് തരിമ്പും വിലകൽപിക്കാത്ത നടപടിയാണിത്.

ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും കാവലാളായി പ്രവർത്തിച്ച ജഡ്ജിമാർ ഒരു കാലത്തുണ്ടായിരുന്നു. അവർ അങ്ങിനെ പ്രവർത്തിച്ചതുകൊണ്ട് അർഹതപ്പെട്ട പ്രൊമോഷൻ പോലും ഇന്ദിരാഗാന്ധിയുടെ കാലത്ത് നിഷേധിച്ചിരുന്നു. കൊളീജിയം നിയമനരീതി തെറ്റാണെന്നും ജഡ്ജിമാരെ നിയമിക്കാൻ സർക്കാറിനാണ് അധികാരമെന്നും സംഘപരിവാറിന്റെ പുതിയ കാഴ്ചപ്പാടാണ്. അത് ദുരൂഹമാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാലിപ്പോൾ എല്ലാം വ്യക്തം. കൊളീജിയം വഴി നിയമിതരായ ജഡ്ജിമാർക്ക് റിട്ടയർ ചെയ്ത ശേഷം ഉന്നതപദവികൾ നൽകുന്ന ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞു. സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യറിയല്ല, ആർ എസ് എസ് അജണ്ട നടപ്പാക്കുന്ന കർസേവകരായ ജഡ്ജിമാരാണ് ബി ജെ പി ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications