കേരളത്തെ 31 ജില്ലകളായി വിഭജിച്ച് ബിജെപി; ലക്ഷ്യം 2026 ല്‍ 41 നിയമസഭ സീറ്റുകള്‍: ഒപ്പം 2 കോർപ്പറേഷനും
കൊച്ചി: വരാനിരിക്കുന്ന തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവർത്തനം ശക്തമാക്കാന്‍ ബി ജെ പി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ കടക്കാനാണ് ബി ജെ പിയുടെ പദ്ധതി. ഇതിനായി സംസ്ഥാനത്തെ 31 ജില്ലകളായി തരം തിരിച്ചുകൊണ്ടുള്ള പ്രവർത്തനത്തിനാണ് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന കോർകമ്മിറ്റിയില്‍ തീരുമാനമായിരിക്കുന്നത്.
10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ചുകൊണ്ടാണ് 31 ജില്ലകളാക്കി തരംതിരിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ മേല്‍നോട്ടത്തിലായിരിക്കും ഈ ജില്ലകളിലെ പ്രവർത്തനം. കേരളത്തിന് പുറത്ത് നേരത്തെ തന്നെ ബി ജെ പി ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു. ബൂത്തുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കികൊണ്ട് വാർഡുകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങളില്‍ നിന്നും ബി ജെ പിയിലേക്ക് കൂടുതല്‍ പ്രവർത്തകർ എത്തുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങള്‍ കൂടുതലായി ഉണ്ടാകണം. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസം ആർജ്ജിക്കാനുള്ള നടപടികള്‍ തുടരുമെങ്കിലും പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും യോഗത്തില്‍ തീരുമാനമായി.
പാർട്ടിയില്‍ യാതൊരു തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും വ്യക്തമാക്കി. അഭിപ്രായങ്ങള്‍ പാർട്ടി വേദികളില്‍ തുറന്ന് പറായം, സമന്വയത്തിന്റെ പാതയായിരിക്കണം നേതൃത്വം സ്വീകരിക്കേണ്ടതെന്നും ഇരുവരും വ്യക്തമാക്കി.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ച് യോഗത്തില്‍ വലിയ ചർച്ചകളുണ്ടായില്ലെന്നാണ് പുറത്ത് വരുന്ന വിവരം. വിജയം പ്രതീക്ഷിച്ച പാലക്കാട് വലിയ തിരിച്ചടി നേരിടേണ്ടി വന്നത് ബി ജെ പിക്ക് വലിയ ക്ഷീണമായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലുള്‍പ്പെടെ പിന്നീട് വിമർശനം ഉയർന്നെങ്കിലും പരാജയം മറന്ന് കൂടുതല്‍ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂർ, തിരുവനന്തപുരം കോർപ്പറേഷനുകള്‍ പിടിച്ചെടുക്കുന്നതിനോടൊപ്പം തന്നെ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ നേടുകയെന്ന വലിയ ലക്ഷ്യവും ബി ജെ പിക്ക് മുന്നിലുണ്ട്. അതേസമയം, പുതിയ ജില്ലാ കമ്മിറ്റികളുടെ രൂപീകരണവും ചുമതലയുള്ള നേതാക്കളുടെ പ്രഖ്യാപനവും ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications