'ബിജെപിയുടെ വോട്ടും അപ്പയുടെ വിജയവും, ചാണ്ടി ഉമ്മൻ പറഞ്ഞത് തികച്ചും ശരിയാണ്'; എംവി ജയരാജൻ
കോട്ടയം: പുതുപ്പള്ളിയിൽ ബി ജെ പി യുഡിഎഫിന് കൂട്ടത്തോടെ വോട്ടുകൾ വിറ്റെന്ന് സി പി എം നേതാവ് എം വി ജയരാജൻ. 15993 വോട്ട് 2016ൽ ലഭിച്ചിരുന്ന ബി ജെ പിക്ക് ഇത്തവണ 6588 വോട്ട് മാത്രമേ കിട്ടിയുള്ളൂ. സഹതാപ തരംഗവും ബി ജെപി വോട്ടും യുഡിഎഫിന് ലഭിച്ചുവെന്നും ജയരാജൻ പറഞ്ഞു.
അരനൂറ്റാണ്ടായി മണ്ഡലത്തിൽ വികസനകാര്യങ്ങൾ ജനങ്ങൾക്ക് ദർശിക്കാൻ കഴിഞ്ഞിട്ടേയില്ല. പിന്നെയെങ്ങനെയാണ് വികസനവും ക്ഷേമവും നടപ്പാക്കുന്ന സർക്കാറിനെതിരായ വികാരമുണ്ടാവുകയെന്നും ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വോട്ടുകൾ പുതുപ്പള്ളിയിൽ കൂട്ടത്തോടെ കോൺഗ്രസ്സിനാണ് വിറ്റത്. 15993 വോട്ട് 2016ൽ ലഭിച്ചിരുന്ന ബിജെപിക്ക് ഇത്തവണ 6588 വോട്ട് മാത്രമേ കിട്ടിയുള്ളൂ. കെട്ടിവെച്ച കാശ് പോലും നഷ്ടമായി. നിസ്സാരമായ കെട്ടിവെച്ച കാശ് പോയാലെന്താ പെട്ടിയിലാക്കിയ നോട്ടുകൾ ലഭിച്ചില്ലേ എന്ന് കോൺഗ്രസ്സിന് ആശ്വസിക്കാം.
ബിജെപിയുടെ വോട്ടിനെന്ത് പറ്റി എന്ന് ബിജെപിയിലേക്ക് പോകാൻ ടിക്കറ്റെടുത്തിരിക്കുന്ന കെ.പി.സി.സി. പ്രസിഡന്റിനോട് തന്നെയാണ് ചോദിക്കേണ്ടത്. പുതുപ്പള്ളിയിലെ വിജയം ചാണ്ടി ഉമ്മന്റേതല്ലെന്നും അപ്പയുടെ 13-ാമത്തെ വിജയമാണെന്നുമുള്ള മകന്റെ പ്രതികരണം തികച്ചും ശരിയാണ്. രാഷ്ട്രീയവും വികസനവും എന്ന ചർച്ച സഹതാപമെന്ന സുനാമിയിൽ തകർന്നടിഞ്ഞു. സഹതാപ തരംഗവും ബിജെപി വോട്ടും യുഡിഎഫിന് ലഭിച്ചു.
അരനൂറ്റാണ്ടായി മണ്ഡലത്തിൽ വികസനകാര്യങ്ങൾ ജനങ്ങൾക്ക് ദർശിക്കാൻ കഴിഞ്ഞിട്ടേയില്ല. പിന്നെയെങ്ങനെയാണ് വികസനവും ക്ഷേമവും നടപ്പാക്കുന്ന സർക്കാറിനെതിരായ വികാരമുണ്ടാവുക? ബിജെപിയും കോൺഗ്രസ്സും ഒരു യൂണിറ്റ് പോലെയായിരുന്നു പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് രംഗത്ത്. ഇത് മതനിരപേക്ഷതയ്ക്ക് ഭീഷണിയാണ്', പോസ്റ്റിൽ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും നല്ല രീതിയിലുള്ള സഹതാപം യു ഡി എഫ് വിജയത്തിന് അടിസ്ഥാനമായിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഫലം സർക്കാരിന്റെ വിലയിരുത്തലല്ല. ആയിരത്തിലധികം വോട്ടു കുറഞ്ഞത് പരിശോധിക്കും. ബി ജെ പിയുടെ വോട്ടുകൾ വലിയ രീതിയിൽ ചോർന്നു. ആവശ്യമായ പരിശോധന നടത്തും. ബി ജെ പിയുടെ വോട്ട് യു ഡി എഫിന് ലഭിച്ചു. 13ാ മത്തെ വിജയമെന്ന് ചാണ്ടിഉമ്മൻ പറയുന്നുണ്ട്. അത് ശരിയാണ് ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗമാണ്', എന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്.












Click it and Unblock the Notifications