നങ്കൂരമിട്ട് കിടന്ന ബോട്ട് കപ്പലിടിച്ചു തകർന്നു: തൊഴിലാളികൾക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് നോഹ!
കൊച്ചി: ഉൾക്കടലിൽ കപ്പൽ ഇടിച്ചു മൽസ്യബന്ധന ബോട്ട് തകർന്നു. നങ്കൂരമിട്ടു കിടന്ന ബോട്ടിൽ തൊഴിലാളികൾ ഉറങ്ങി കിടക്കുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ രണ്ടു തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചിനു മുനമ്പം തുറമുഖത്തു നിന്നു പോയ പള്ളിപോർട്ട് സ്വദേശി എ.ജെ.ജോർജിന്‍റെ നോഹ എന്ന ഉരുക്കു ബോട്ടാണ് തകർന്നത്. ഇന്നലെ വെളുപ്പിനു നാലിനു പുതുവൈപ്പ് ലൈറ്റ്ഹൗസിന് 15 നോട്ടിക്കൽ മൈൽ പടിഞ്ഞാറായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ടിനുള്ളിൽ തെറിച്ചു വീണ പറവൂർ തത്തപ്പിള്ളി പ്ലാസപ്പാടത്ത് അശോകൻ (52), പള്ളിപ്പുറം പുതുശേരി ജോസി (59) എന്നിവർക്കാണു പരുക്കേറ്റത്. സ്രാങ്ക് രതീഷ്, നെൽസൺ, കുഞ്ഞപ്പൻ, ബിന്‍റോ, ആംബ്രോസ്, കിരൺ, അജു, റീബച്ചൻ എന്നിവരുൾപ്പെടെ 10 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
കൊച്ചി തുറമുഖത്തു പാചകവാതകം ഇറക്കി മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മഹർഷി ഭരദ്വാജ് എന്ന എൽപിജി ടാങ്കറാണ് ബോട്ടിൽ ഇടിച്ചത്. അപകടത്തെ തുടർന്നു ബോട്ടിന്‍റെ റോപ്പുകൾ കപ്പലിൽ കുരുങ്ങിയെങ്കിലും ഇതറിയാതെ ബോട്ടുമായി 10 മിനിറ്റോളം കപ്പൽ മുന്നോട്ടു നീങ്ങി. തൊഴിലാളികൾ ബോട്ടിലെ ലൈറ്റുകൾ തെളിയിച്ചു ബഹളം കൂട്ടിയപ്പോഴാണു കപ്പൽ ജീവനക്കാർ അപകടമറിഞ്ഞത്. ഇതേത്തുടർന്നു വേഗം കുറച്ചെങ്കിലും കപ്പൽ നിർത്തിയില്ല. അപ്പോഴേക്കും തൊഴിലാളികൾ റോപ്പ് അറുത്തു മാറ്റിയിരുന്നു. തുടർന്നു മൂന്നു തവണ സിഗ്നൽ ലൈറ്റ് അടിച്ച ശേഷം കപ്പൽ യാത്ര തുടർന്നു. വിദേശ കപ്പൽ ഇടിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും ഐഎംഒ നമ്പർ തിരിച്ചറിഞ്ഞു നടത്തിയ തെരച്ചിലിൽ ഇന്ത്യൻ ടാങ്കറാണെന്നു സ്ഥിരീകരിച്ചു.

അപകടത്തിൽ പെട്ട ബോട്ട് രാവിലെ ഏഴരയോടെയാണു തൊഴിലാളികളുമായി മുനമ്പം തുറമുഖത്ത് തിരിച്ചെത്തിയത്. അശോകനെയും ജോസിയെയും വൈപ്പിൻ അയ്യംപിള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരതരമല്ല. ബോട്ടിന്‍റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഉൾഭാഗത്തു കാബിന് ഉൾപ്പെടെ കാര്യമായ നാശനഷ്ടമുണ്ടായി. രണ്ടു വലകൾ നശിച്ചു. എൻജിൻ കേടാകാതിരുന്നതിനെ തുടർന്നാണു സുരക്ഷിതമായി മടങ്ങാൻ സാധിച്ചത്. അപകട വിവരമറിഞ്ഞയുടൻ കോസ്റ്റ്ഗാർഡും നാവിക സേനയും റഡാർ സഹായത്തോടെ കപ്പൽ തിരിച്ചറിയാൻ നിരീക്ഷണം നടത്തിയിരുന്നു. 1992 ൽ നീറ്റിലിറക്കിയ മഹർഷി ഭരദ്വാജ് മുംബൈയിലെ വരുൺ ഷിപ്പിങിന്‍റെ ഉടമസ്ഥതയിലുള്ള കപ്പലാണ്. തുറമുഖത്തു എൽപിജി ഇറക്കിയ ശേഷം രാത്രി 12നാണു കൊച്ചിയിൽ നിന്നു പുറപ്പെട്ടത്. ഫോർട്ട് കൊച്ചി തീരദേശ പൊലീസ് കേസെടുത്തു. മറൈൻ മർക്കന്‍റൈൽ വകുപ്പിന്‍റെയും കോസ്റ്റ് ഗാർഡിന്‍റെയും സഹായത്തോടെ കപ്പൽ കസ്റ്റഡിയിലെടുക്കുമെന്നു തീരദേശ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications