ബിആർഎം ഷെഫീറിന്റെ പ്രസംഗം സുധാകരനെ കുരുക്കുമോ: കോടതിയിലടക്കം ആയുധമാക്കാന്‍ സിപിഎം
കണ്ണൂർ: ഷുക്കൂർ വധക്കേസില്‍ കെ സുധാകരന്‍ പൊലീസിനെ വിരട്ടി എഫ്ഐആർ ഈടീപ്പിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തല്‍ സിപിഎം ആയുധമാക്കുന്നു. പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നിലും സുധാകരന്‍ പ്രവർത്തിച്ചുവെന്നും ഷെഫീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ വ്യാജ തെളിവുകളുണ്ടാക്കി നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കെ സുധാകരനെതിരെ കേസ് എടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
സിബിഐ അന്വേഷണത്തിന് വേണ്ടി സുധാകരൻ ദില്ലിയിൽ പോയി എന്നും ഷെഫീർ വെളിപ്പെടുത്തിയിരുന്നു. അരിയില്‍ ഷുക്കൂർ വധക്കേസില്‍ കോടതിയില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഈ കേസില്‍ നിന്നും ഒഴിവാക്കണമെന്ന പി ജയരാജന്റേയും ടിവി രാജേഷിന്റേയും അപേക്ഷ കോടതിയുടെ പരിഗണയിലിരിക്കേയാണ് ഷെഫീറിന്റെ വെളിപ്പെടുത്തലും വരുന്നത്. ഇത് കോടതിയില്‍ ഉള്‍പ്പടെ ഹാജരാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

അതേസമയം, കണ്ണൂരിൽ വച്ച് കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീർ നടത്തിയ വെളിപ്പെടുത്തൽ ശുക്കൂർ വധക്കേസിൽ അടക്കം കെ. സുധാകരന്റെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും രംഗത്ത് വന്നു. അഴിമതിക്കേസിൽ പോലീസ് അന്വേഷണം നേരിടുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂരിൽ വച്ച് കോൺഗ്രസ് നടത്തിയ പൊതുയോഗത്തിൽ പ്രസംഗിച്ച ബിആർഎം ഷെഫീർ നടത്തിയ വെളിപ്പെടുത്തൽ കമ്യൂണിസ്റ്റ് നേതാക്കൾക്ക് നേരെയുള്ള രാഷ്ട്രീയ വേട്ടയിൽ കെ. സുധാകരന്റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
അരിയിൽ ശുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനേയും ട.വി രാജേഷിനേയും സിബിഐ പ്രതി ചേർത്തത് കെ സുധാകരൻ ഡൽഹിയിൽ വച്ച് നടത്തിയ ഇടപെടലിന്റെ ഭാഗമാണ് എന്നാണ് ഷെഫീർ പൊതുമധ്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 'അഡ്ജസ്റ്റ്മെന്റുകൾക്ക്' നിൽക്കാതെ ഡൽഹിയിൽ പോയി സിബിഐയിൽ സമ്മർദ്ദം ചെലുത്തി എന്ന് പ്രസംഗിച്ച ബിആർഎം ഷെഫീറിന്റെ പ്രസംഗത്തോട് കോൺഗ്രസ് നേതൃത്വം പ്രതികരിക്കേണ്ടതുണ്ട്.
'കൂട്ടിലടച്ച തത്ത' എന്ന് അക്കാലം സുപ്രീം കോടതിയെ കൊണ്ട് പോലും പറയിച്ച സിബിഐ അകാരണമായി ഇത് പോലെ രാഷ്ട്രീയ വൈര്യത്തിന്റെ മുകളിൽ പ്രതി ചേർത്തതിനാലാണ് ദുർബലമായ സി.ബി.ഐ കുറ്റപത്രം കോടതിയിൽ ജഡ്ജി സിബിഐയെ വിമർശിച്ച് കൊണ്ട് തള്ളിയത്. എന്നിട്ടും രാഷ്ട്രീയ വേട്ടയ്ക്കായി സിബിഐ കേസ് തുടരുകയാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന കമ്യൂണിസ്റ്റ് പാർടിയുടെ ആരോപണം സാധൂകരിക്കുന്നതാണ് ബിആർഎം ഷെഫീറിന്റെ പ്രസംഗം.
ഇതടക്കം രാഷ്ട്രീയ എതിരാളികൾക്കെതിരെ യു.ഡിഎഫ്. ഭരണ കാലത്ത് പോലീസും യൂണിയൻ ഏജൻസികളും അന്വേഷിച്ച എല്ലാ കേസുകളും ഇത്തരത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് അന്വേഷിക്കേണ്ടതായുണ്ടെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications