കെട്ടിട നിർമ്മാണം: പുതിയ നിരക്ക് ഏപ്രിൽ 10 മുതലുള്ള അപേക്ഷകള്‍ക്ക്, 9 വരെ പഴയ നിരക്കെന്നും മന്ത്രി
തിരുവനന്തപുരം: ഏപ്രിൽ 9 വരെ കെട്ടിട നിര്‍മ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മ്മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമാവുകയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാവുകയെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫീസുകളിലും മാര്‍ച്ച് മാസത്തിൽ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ചില ഓഫീസുകളിൽ അപേക്ഷകള്‍ മാര്‍ച്ച് മാസം അവസാനം സ്വീകരിച്ചില്ലെന്നും നിരവധി പേര്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റുകള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പെര്‍മ്മിറ്റ് ഫീസ് പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. എന്നാല്‍ ഏപ്രിൽ 10ന് മുൻപ് ലഭിച്ച അപേക്ഷകളിൽ പെര്‍മ്മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/സ്ക്രൂട്ട്നി ഫീസ്/ക്രമവത്കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് വ്യക്തമാക്കാനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഫീസുമായി ബന്ധപ്പെട്ട വാർത്തകളില്‍ മനോരമ വിമർശനം മന്ത്രി ഇന്നലേയും തുടർന്നു. നേരത്തേ പറഞ്ഞ രണ്ടുകാര്യങ്ങള്‍ പെരുവഴിയിലുപേക്ഷിച്ച് ഇന്ന് വേറൊരു കാര്യമാണ് മനോരമ പറയുന്നതെന്നാണ് മന്ത്രി പറയുന്നത്. കോയമ്പത്തൂരിലേക്കാള്‍ പെര്‍മ്മിറ്റ് ഫീസ് ഇവിടെ ഈടാക്കുന്നുവെന്ന മനോരമയുടെ വസ്തുതാവിരുദ്ധമായ കണക്ക് കഴിഞ്ഞ പോസ്റ്റിൽ ഞാൻ തുറന്നുകാണിച്ചിരുന്നല്ലോ. മനോരമ പറയുന്ന എല്ലാം ഒഴിവാക്കിയാലും കോയമ്പത്തൂരിലെ ഫീസ് നമ്മുടേതിനേക്കാള്‍ 9322 രൂപ കൂടുതലാണെന്ന് വ്യക്തമാക്കിയതിനെക്കുറിച്ച് ഇന്ന് മിണ്ടിയതേ ഇല്ലെന്നും മനോരമ കൂട്ടിച്ചേർക്കുന്നു.
കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മൗനം തന്നെ മനോരമയ്ക്ക് ഭൂഷണം. ഇരുഗൂര്‍ പഞ്ചായത്തിലെ 48104 രൂപയുടെ ഫീസിനെക്കുറിച്ചും മൗനം. ആ റസീപ്റ്റ് മനോരമ നേരത്തേയും കണ്ടില്ല. ഇന്നും കണ്ടില്ല. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളിലെയും ഫീസും കണ്ടില്ല. മനോരമേ മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു, കണ്ണടകള്‍ വേണം. ഇനി നേരത്തേ പറഞ്ഞതെല്ലാം വഴിയിലെറിഞ്ഞ് മനോരമ ഇന്ന് പറയുന്ന കാര്യത്തിലേക്ക്. കോയമ്പത്തൂരിൽ പെര്‍മ്മിറ്റ് ഫീസിനൊപ്പം ഓരോ സേവനത്തിനും പ്രത്യേകം ഫീസുകള്‍ വാങ്ങുന്നുവെന്നാണ് മനോരമ പറയുന്നത്.
എന്താണ് ഉദ്ദേശിക്കുന്നത്? ഇവിടെയും അങ്ങനെ പ്രത്യേകം ഫീസുകള്‍ വാങ്ങണമെന്നാണോ? ഫീസുകളുടെ പേര് എന്തായാലും ഇനം എത്രയായാലും അവിടെ വീടുവെക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി കിട്ടാൻ ഇവിടുത്തേക്കാള്‍ കാശുകൊടുക്കണം എന്നതാണ് ലളിതമായ വസ്തുത. മനോരമ പറയുന്ന 4250 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തിന് അവിടെ കൊടുക്കേണ്ട ഫീസിന്റെ പകുതി മാത്രമേ ഇവിടെയുള്ളൂ എന്നതാണ് പകല്‍പോലെയുള്ള സത്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മനോരമയുടെ കസർത്തിന്റെ ഒരു ഉദാഹരണം നോക്കൂ. കേരളത്തിൽ സീവേജ് കണക്ഷന് വാട്ടര്‍ അതോറിറ്റി നിശ്ചയിച്ച കണക്ഷൻ ഫീസ് വീടുകൾക്ക് 1500 രൂപയും വാണിജ്യ സ്ഥാപനങ്ങൾക്ക് 2500 രൂപയും മാത്രമാണ്. മനോരമ എഴുതിവിട്ടത് 10000 രൂപയെന്ന്! എത്ര കൂസലില്ലാതെയാണവര്‍ ഇതൊക്കെ ചെയ്യുന്നത്. വാട്ടര്‍ അതോറിറ്റിക്ക് കിട്ടാത്ത ബാക്കി 8500 രൂപ മനോരമയ്ക്ക് കിട്ടുന്നുണ്ടോ ആവോ? സ്വന്തം വിശ്വാസ്യതയ്ക്ക് പോലും വില കല്‍പ്പിക്കാത്ത മനോരമയുടെ ഈ ഇടതുവിരോധത്തിന്റെ ആത്മാര്‍ഥത യുഡിഎഫും ബിജെപിയും കാണുന്നുണ്ടല്ലോ അല്ലേ?
തീര്‍ന്നില്ല മനോരമയുടെ കുത്തിത്തിരിപ്പ്. നാലുദിവസ പരമ്പരയിൽ മുഴുവൻ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച മനോരമ, വരുമാനം മുഴുവനും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നും ചില്ലിക്കാശ് സംസ്ഥാന സര്‍ക്കാരിനില്ലെന്നുമുള്ള സത്യം പറഞ്ഞതേയില്ല. 80 സ്ക്വയര്‍ മീറ്റർ(876 സ്ക്വയർ ഫീറ്റ്) വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചില്ലിക്കാശ് ഫീസ് കൂട്ടിയിട്ടില്ല എന്ന കാര്യവും മിണ്ടിയിട്ടില്ല.
പെർമ്മിറ്റ് ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കൈക്കൂലിയെക്കുറിച്ചും പണ്ട് പരമ്പരയെഴുതിയവര്‍ക്ക്, സെൽഫ് സര്‍ട്ടിഫിക്കേഷനിലൂടെ ഒരു മണിക്കൂറിൽ പെര്‍മ്മിറ്റ് കിട്ടുന്നതും കൈക്കൂലിക്ക് പഴുതില്ലാതായതും വളരെ മോശം കാര്യം. കൈക്കൂലി കൊടുത്താലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നയാപൈസ കൊടുത്തുപോകരുത് എന്ന മനോഭാവം. എന്തൊരു എന്തൊരു പൊതുതാത്പര്യമാണെന്നും മന്ത്രി ചോദിക്കുന്നു.












Click it and Unblock the Notifications