മന്ത്രിസഭ യോഗ വിവരങ്ങൾ പുറത്ത് പോകരുത്; മന്ത്രിമാർക്ക് പിണറായിയുടെ കർശന നിർദേശം!
തിരുവനന്തപുരം: മന്ത്രിസഭ യോഗ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. നിയമമന്ത്രി എകെ ബാലനും, റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറഞ്ഞത്. ഈ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ പോലും മന്ത്രിമാര്‍ തയ്യാറായില്ല. മന്ത്രിസഭയിലെ വിവരങ്ങള്‍ പുറത്ത് പോവുന്നത് നല്ല രീതിയല്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു പോകുന്നത് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ നേരിട്ട് അറിയിക്കുകയായിരുന്നു.

സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പറേഷന് ഏറ്റുമാനൂര്‍ ഐറ്റിഐയുടെ കൈവശമുളള 8.85 ഹെക്റ്റര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്റ്റര്‍ മുപ്പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ബിപിസിഎല്ലിന്റെ അപേക്ഷ പരിഗണിച്ചത്.

ആറ് പുതിയ പോലീസ് സ്റ്റേഷനുകൾ
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കി. മട്ടന്നൂര്‍ എയര്‍പോര്‍ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പന്‍ചോല (ഇടുക്കി), മേല്‍പ്പറമ്പ (കാസര്‍കോട്) എന്നീ സ്ഥലങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകള്‍ വരുന്നത്.

മികച്ച കായിക താരങ്ങൾക്ക് നിയമനം
വടകര പോലീസ് കണ്‍ട്രോള്‍ റൂമില്‍ അമ്പത് പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കും. മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010 മുതല്‍ 2014 വരെയുളള വര്‍ഷങ്ങളിലേക്ക് നീക്കിവെച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് മാന്വലായി അപേക്ഷ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഫാമിങ് കോര്‍പറേഷന്‍
കേരള ഫാമിങ് കോര്‍പറേഷന്‍ ഡയറക്റ്ററായിരുന്ന എല്‍ ഷിബുകുമാറിനെ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയുടെ എംഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രൊഫ. യു ജയകുമാരനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

പൊളിറ്റിക്കൽ പെൻഷൻ
കേരളത്തിലെ മുന്‍ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ഫാമിലി ആന്റ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ ഏകീകരിച്ച് 3000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications