രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഡോർ തുറന്നില്ല! കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചത് ആത്മഹത്യയോ?
പാലാ മുരിക്കുപുംഴ സ്വദേശി താഴത്തുപാണാട്ട് പിജി സുരേഷ്(63) ആണ് കഴിഞ്ഞദിവസം കാറിന് തീപിടിച്ച് വെന്തുമരിച്ചത്.
കോട്ടയം: പാലായിൽ കാറിന് തീപിടിച്ച് അക്ഷയ സെന്റർ ഉടമ വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നതും, കാറിൽ പെട്രോളിന്റെ അംശം കണ്ടെത്തിയതുമാണ് ഈ നിഗമനത്തിന് കാരണം.
പാലാ മുരിക്കുപുംഴ സ്വദേശി താഴത്തുപാണാട്ട് പിജി സുരേഷ്(63) ആണ് കഴിഞ്ഞദിവസം കാറിന് തീപിടിച്ച് വെന്തുമരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15ഓടെ പാലാ ഉഴവൂർ റോഡിൽ വലവൂരിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി കാറിന് പെട്ടെന്ന് തീപിടിക്കുകയും ഉടൻ തന്നെ കാർ പൂർണ്ണമായും കത്തിയമരുകയും ചെയ്താണ് ദൃക്സാക്ഷികൾ പറഞ്ഞത്.

ജീവനൊടുക്കിയതാകാം...
പൂർണ്ണമായും കത്തിയമർന്ന കാറിനുള്ളിൽ പോലീസ് സംഘം വിശദമായ പരിശോധന നടത്തിയ ശേഷമാണ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ ഫോറൻസിക് ഉദ്യോഗസ്ഥരും കാറിനുള്ളിൽ പരിശോധന നടത്തിയിരുന്നു. കത്തിയമർന്ന കാറിനുള്ളിൽ പെട്രോൾ പടർന്നതായി ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെത്തി. നിർത്തിയിട്ടിരുന്ന കാറിന് തീപിടിക്കാനുള്ള സാദ്ധ്യത ഉണ്ടായിരുന്നില്ലെന്നും പോലീസ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകു. കാറിന് തീപിടിക്കുന്നതിന് തൊട്ടുമുൻപ് വരെ സുരേഷ് മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നത് കണ്ടവരുണ്ട്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുന്നായിരുന്നു സുരേഷ് മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നത്.

രക്ഷിക്കാൻ ശ്രമിച്ചിട്ടും....
സുരേഷ് ഡ്രൈവിങ് സീറ്റിലിരിക്കെ മുൻവശത്തെ ഇടത് ഭാഗത്തെ സീറ്റിൽ നിന്നാണ് തീ ഉയർന്നത്. സീറ്റിൽ നിന്നും കത്തി തുടങ്ങിയ തീ ഉടൻതന്നെ കാറിൽ മുഴുവനും ആളിപ്പടർന്നു. സംഭവം കണ്ടെത്തിയ ഓട്ടോ ഡ്രൈവർ സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഡോർ തുറക്കാൻ സമ്മതിച്ചില്ലത്രേ. ഇതോടെ രക്ഷാപ്രവർത്തനം അസാദ്ധ്യമായി. തുടർന്ന് നിമിഷനേരം കൊണ്ട് തീ കാറിൽ മുഴുവൻ ആളിപ്പടരുകയും സുരേഷ് കാറിനുള്ളിൽ കിടന്ന് വെന്തുമരിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പോലീസും ഫയർ ഫോഴ്സും പിന്നീട് സ്ഥലത്തെത്തി. സുരേഷിന്റെ കത്തിക്കരിഞ്ഞ മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

അക്ഷയ സെന്റർ...
പാലാ കുടക്കച്ചിറയിൽ അക്ഷയ സെന്റർ നടത്തുന്ന സുരേഷ് പാലായിൽ കമ്പ്യൂട്ടർ സ്ഥാപനവും നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി സുരേഷിന്റെ ഉടമസ്ഥതയിലുള്ള കുടക്കച്ചറിയിലെ സ്ഥാപനം അടച്ചിട്ടിരിക്കുകയാണെന്നാണ് നാട്ടുകാർ പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാമാണ് സംഭവം ആത്മഹത്യയാണെന്ന സംശയം വർദ്ധിപ്പിക്കുന്നത്. അതേസമയം, സാങ്കേതിക തകരാർ കാരണം കാറിന് തീപിടിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ സംഭവത്തിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ തൊടുപുഴ മാരിയിൽ കുടുംബാംഗം വാസന്തിയാണ് സുരേഷിന്റെ ഭാര്യ, അമേരിക്കയിൽ ജോലി ചെയ്യുന്ന നവീൻ, ഡോക്ടർ പാർവതി എന്നിവർ മക്കളും അപർണ, ഡോക്ടർ ബിജോയി എന്നിവർ മരുമക്കളുമാണ്.












Click it and Unblock the Notifications