സന്നിധാനത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേർക്കെതിരെ പോലീസ് കേസെടുത്തു
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ 52കാരിയായ തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവത്തിൽ 200 പേർക്കെതിരെ കേസെടുത്തു. തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർവട്ടക്കൂട്ട് വീട്ടിൽ ലളിതാ രവി (52)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്. ശബരിമല ദർശനത്തിന് 50 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെത്തി എന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധം ഉയരുകയായിരുന്നു.
പേരക്കുട്ടിയുടെ ചോറൂണിനായി കുടുംബത്തോടൊപ്പം ശബരിമലയിൽ എത്തിയതാണ് ലളിത. പ്രായം സംബന്ധിച്ച സംശയം ഉയർന്നതിനെ തുടർന്ന് നടപ്പന്തലിൽവെച്ച് ഭക്തർ ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് വലിയ നടപ്പന്തലിൽ നാമജപപ്രതിഷേധവും നടത്തി.

പോലീസെത്തി രേഖകൾ പരിശോധിച്ചതോടെ ലളിതയ്ക്ക് 52 വയസുണ്ടെന്ന് പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം നടത്തിയ ഭക്തരുടെ നേതൃത്വത്തിൽ തന്നെ ഇവരെ സന്നിധാനത്തേയ്ക്ക് എത്തിച്ചു. പ്രതിഷേധത്തിനിടെ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലും നേരിയ സംഘർഷം ഉണ്ടായി.
ലളിതയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായി ഭർത്താവ് രവി ആരോപിച്ചു. പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കുന്ന ആധാർ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തി വിട്ടത്, ഇതിന് പിന്നാലെയാണ് പ്രതിഷേധം നടന്നതെന്ന് ലളിത പറഞ്ഞു. അനധികൃതമായി സംഘം ചേരൽ, സ്ത്രീകളെ തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications