ആള്‍മാറാട്ടകേസില്‍ കുടുങ്ങി മാനന്തവാടി ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍; സെയില്‍ടാക്‌സിലെ താല്‍ക്കാലിക ഡ്രൈവര്‍ അറസ്റ്റില്‍
മാനന്തവാടി: ആള്‍മാറാട്ടക്കേസുമായി ബന്ധപ്പെട്ട് മാനന്തവാടി ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ പി ജെ സെബാസ്റ്റ്യനെതിരെ (54) കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാംപ്രതി സെയില്‍ടാക്‌സിലെ താല്‍ക്കാലിക ഡ്രൈവറായ കല്‍പ്പറ്റ പുഴമുടി സുജാതമന്ദിരത്തില്‍ സി ടി സുനില്‍കുമാറിനെ (40) അറസ്റ്റ് ചെയ്തു. കേസില്‍ കണ്ടാലറിയുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെ കൂടിയും കേസെടുത്തിട്ടുണ്ട്.
ജില്ലാ സെയില്‍ ടാക്‌സ് ഓഫീസറുടെ പരാതി പ്രകാരം സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഫിബ്രവരി 16ന് പയ്യമ്പള്ളിയില്‍ വെച്ച് കാപ്പിക്കുരു കയറ്റി വരികയായിരുന്ന ലോറിതടഞ്ഞു നിര്‍ത്തി പരിശോധിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കല്‍പ്പറ്റ ഐഡിയല്‍ ട്രേഡിംങ്ങ് കമ്പനിയില്‍ നിന്നും കെ എല്‍ 12 ബി 1542 വാഹനത്തില്‍ കാപ്പിക്കുരു കയറ്റി കാട്ടിക്കുളം ടി എച്ച് ട്രെഡേഴ്സിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് മാനന്തവാടി പയ്യമ്പള്ളിയില്‍ വെച്ചാണ് വാഹനം പരിശോധിച്ചത്. 2018 ഫിബ്രവരി 16നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.

കെഎല്‍ 12 കെ എ 422 നമ്പര്‍ വാഹനത്തില്‍ വന്ന നാലംഗ സംഘം പയ്യംമ്പള്ളി വെച്ച് കാപ്പിക്കുരു കയറ്റി പോവുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയും സെയില്‍സ് ടാക്സ് വകുപ്പ് ജീവനക്കാരാണെന്ന് പറഞ്ഞ് വാഹനവും വണ്ടിയുടെ രേഖകളും മറ്റും പരിശോധിക്കുകയും ചെയ്യുകയായിരുന്നു. 2008 മുതല്‍കല്‍പ്പറ്റയിലെ വയനാട് സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സുനില്‍കുമാര്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു വണ്ടി പരിശോധിച്ചത്.
സംഭവം വിവാദമായതോടെ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സുനില്‍കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 170 വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്നെന്ന് പറയുന്ന ദിവസം സംഭവസ്ഥലത്ത് സുനിലിന്റെ കൂടെ സെബാസ്റ്റ്യനും വാഹനത്തിലുണ്ടായിരുന്നു. ഇതാണ് സെബാസ്റ്റ്യനെതിരെ കേസെടുക്കാനുള്ള കാരണം.












Click it and Unblock the Notifications