സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷം കൊണ്ടല്ല
ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകറിന്റെ മരണ കാരണം വിഷം അല്ലെന്ന് സൂചന. ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ ഫലമാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതാകാം മരണത്തിന് വഴിവച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം.
കേന്ദ്രമന്ത്രിയും ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയ ശശി തരൂര്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ വേട്ടയാടപ്പെട്ടതാണ്. തിരഞ്ഞെടുപ്പിലും എതിര്‍ പക്ഷത്തിന്റെ മുഖ്യ പ്രചാരണങ്ങളില്‍ ഒന്ന് സുനന്ദയുടെ മരണമാണ്.

ജനുവരി 18 നാണ് സുനന്ദ പുഷകറെ ദില്ലിയിലെ ലീലാ പാലസ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത. ശശി തരൂര്‍ തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.
പെട്ടെന്നുള്ള, അസ്വാഭാവിക മരണം എന്നായിരുന്നു സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍ കണ്ടെത്തിയ 15 ഓളം മുറിവുകളും മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു.
പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനും ശശി തരൂരിനും എതിരെ സുനന്ദ നടത്തിയ ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ വിവാദമായതിന് തൊട്ട് പിറകേയായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ടുള്ള മരണം. തരൂരും സുനന്ദയും തമ്മിലുള്ള അസ്വാരസ്യങ്ങളും ഈ വേളയില്‍ ചര്‍ച്ചയായിരുന്നു. മെഹര്‍ തരാറിന് മേല്‍ സുനന്ദ ആരോപിച്ച ഐഎസ്‌ഐ ബന്ധവും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്തായാവും വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെ കൈവിട്ടില്ല. ആദ്യം തരൂരിനെ ദേശീയ വക്താവാക്കിയ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തന്നെ സീറ്റ് അനുവദിക്കുകയും ചെയ്തു.












Click it and Unblock the Notifications