കാസര്‍കോട് നഗരം ഇനി മൂന്നാംകണ്ണിന്റെ നിരീക്ഷണത്തില്‍; നഗരസഭ 22 ക്യാമറകള്‍ സ്ഥാപിച്ചു
കാസര്‍കോട്: നഗരസഭ മുന്നിട്ടിറങ്ങിയതോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ക്യാമറ കണ്ണിന്റെ നിരീക്ഷണത്തില്‍. പഴയ ബസ്സ്റ്റാന്റില്‍ ഏഴും പുതിയ ബസ്സ്റ്റാന്റില്‍ എട്ടും ജനറല്‍ ആസ്പത്രിയിലും പരിസരങ്ങളിലുമായി ഏഴ് ക്യാമറകളും സ്ഥാപിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭ 22 ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ജനറല്‍ ആസ്പത്രി കവാടത്തിന് സമീപം ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ മൊബൈല്‍ ആപ് വഴി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. അബ്ദുല്‍ റഹ്മാന്‍, അഡ്വ. വി.എം. മുനീര്‍, കാസര്‍കോട് സി.ഐ. സി.എ.അബ്ദുല്‍ റഹീം, എസ്.ഐ. പി. അജിത്കുമാര്‍, നഗരസഭാംഗം റാഷിദ് പൂരണം, ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി സംബന്ധിച്ചു.

പൊലീസ് അധികൃതര്‍ നേരത്തെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ പലതും നിശ്ചലമായിട്ട് മാസങ്ങളായി. ഇതിനിടെയാണ് നഗരസഭ രംഗത്തുവന്നത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരുടെ മൊബൈലില്‍ ഏതുനിമിഷവും കാണാവുന്ന തരത്തിലാണ് ആപ് സജ്ജീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications