60000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്രം: വീടുകള്‍ക്ക് സബ്സിഡിയോടെ വായ്പ
ഡല്‍ഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചെറുകിട നഗര ഭവനങ്ങൾക്ക് സബ്‌സിഡിയോടെ വായ്പ നൽകുന്നതിന് 60,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ വർഷാവസാനം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും 2024 നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ വമ്പന്‍ പദ്ധതി. റോയിട്ടേഴ്സാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ബാങ്കുകൾ മുഖേനെ ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ മാസം സർക്കാർ വീടുകൾക്കുള്ള പാചക വാതക വില 18 ശതമാനം കുറച്ചിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ വിശദാംശങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നില്ല.

9 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്ക് 3 മുതൽ 6.5 ശതമാനം വരെ വാർഷിക പലിശ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന തരത്തിലായിരിക്കും പദ്ധതി. 20 വർഷത്തേക്ക് 50 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പകൾക്ക് നിർദ്ദിഷ്ട പദ്ധതിക്ക് അർഹതയുണ്ടായേക്കും. "പലിശ ഇളവ് ഗുണഭോക്താക്കളുടെ ഭവനവായ്പ അക്കൗണ്ടിലേക്ക് മുൻകൂറായി ക്രെഡിറ്റ് ചെയ്യപ്പെടും. 2028 വരെ നിർദ്ദേശിച്ചിരിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ് " ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഗരപ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ 2.5 ദശലക്ഷം അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താമെങ്കിലും സബ്‌സിഡിയുള്ള വായ്പയുടെ അളവ് അത്തരം വീടുകളുടെ ആവശ്യകതയെ ആശ്രയിച്ചിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നഗരങ്ങളിൽ താമസിക്കുന്നവരും എന്നാൽ വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പുതിയ പദ്ധതി വരും വർഷങ്ങളിൽ കേന്ദ്രം കൊണ്ടുവരുമെന്ന് ഓഗസ്റ്റ് മാസത്തെ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു.
ഭവന, നഗര വികസന മന്ത്രാലയത്തിൽ നിന്നും ധനമന്ത്രാലയത്തിൽ നിന്നും പ്രതികരണം തേടി റോയിട്ടേഴ്‌സ് അയച്ച മെയിലുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഗുണഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങളും ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഭവന വായ്പാ പോർട്ട്‌ഫോളിയോയ്ക്കുള്ളിൽ താങ്ങാനാവുന്ന ഭവന വിഭാഗത്തിൽ വായ്പ വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നുമാണ് പ്രതീക്ഷ.
നഗരപ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ വായ്പക്കാർക്ക് സർക്കാർ പലിശ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമല്ല. സമാനമായ ഒരു പദ്ധതിയുടെ ഭാഗമായി 2017-2022 കാലയളവിൽ 12.27 ദശലക്ഷം വീടുകൾക്ക് സഹായം അനുവദിച്ചിരുന്നു.












Click it and Unblock the Notifications