'വെളുക്കാനുള്ള ക്രീം' അന്വേഷണത്തിനായി കേന്ദ്ര സംഘം, ക്രീം ചർമം വെളുപ്പിക്കുന്നത് ഇങ്ങനെ
വൃക്ക തകരാറിലാക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ മലബാർ മേഖലയിൽ പെരുകുന്നത് സംബന്ധിച്ച് ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വെളുക്കാനുള്ള ക്രീം നിർമിക്കുന്നത് സംബന്ധിച്ച് കൃത്യമായ മേൽവിലാസം പോലും നൽകാതെ ലേബൽ ചെയ്ത് വരുന്ന ക്രീമുകളാണ് ഇവയെന്നത് അന്വേഷണത്തെ കുഴക്കുന്നു.
ഇക്കഴിഞ്ഞ ദിനങ്ങളിൽ 11 പേർക്ക് നെഫ്രോട്ടിക് സിൻഡ്രോം പിടിപെട്ടപ്പോഴുണ്ടായ അന്വേഷണത്തിലാണ് സൗന്ദര്യ വർധന ക്രീമാണ് ഇതിന് കാരണമായതെന്ന് കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ തന്നെ 11 പേർക്കാണ് നെഫ്രോട്ടിക് സിൻഡ്രോം സ്ഥിരീകരിച്ചത്. യൂത്ത് ഫെയ്സ്, ഫൈസ തുടങ്ങിയ വൈറ്റനിംഗ് ക്രീമുകൾ ഉപയോഗിച്ചവർക്കാണ് ഈ രോഗം പിടിപെട്ടത് എന്നു കണ്ടെത്തുകയായിരുന്നു.

രോഗം ബാധിച്ചവരിൽ 14 വയസായ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. കുട്ടി ചർമം വെളുപ്പിക്കാനായി യൂത്ത് ഫെയ്സ് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. സമാന ലക്ഷണങ്ങളുമായി എത്തിയവർക്കെല്ലാം രോഗം സ്ഥിരീകരിച്ചു. ഇവരും ഇതേ ക്രീം ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രി മെഡിക്കൽ വിഭാഗം മേധാവി ഡോ. പി എസ് ഹരി പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവാദമായ ക്രീം ലേബലിൽ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ പേരുണ്ടെങ്കിലും ഇങ്ങനെയൊരു ക്രീം അവർ നിർമിക്കുന്നില്ലെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. കേരളത്തെക്കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകൾ വിപണിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രീമിന്റെ ഉറവിടം കണ്ടെത്തി എത്രയും പെട്ടെന്ന് നടപടി എടുക്കുകയാണ് ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ലക്ഷ്യം.
കറുത്തീയം അടക്കമുള്ള ധാരാളം ലോഹമൂലകങ്ങൾ അമിതായി ഉപയോഗിച്ചാണ് ശരീരം വെളുക്കാനുള്ള ഈ ക്രീം നിർമിക്കുന്നതെന്ന് കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ മലപ്പുറം ഡ്രഗ്സ് കണ്ട്രോൾ വിഭാഗം ഓഫീസിലും കോട്ടക്കലിലെ ആശുപത്രിയിലും ദേശീയ രഹസ്യാന്വേഷണ വിഭാഗമെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നേരത്തെ തന്നെ മലപ്പുറം ജില്ലയിൽ ഇത്തരം അപകടകരമായ സൗന്ദര്യ വർധക വസ്തുക്കൾ എത്തുന്നതായി മലപ്പുറം കണ്ട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ കാര്യങ്ങൾ നിരീക്ഷിച്ചു വരുമ്പോഴാണ് 11 പേർക്ക് നെഫ്രോട്ടിക് സിൻഡ്രോം പിടിപെടുന്നത്.
സ്വർണ വിലയില്‍ ഒടുവില്‍ വർധനവ്: പക്ഷെ പേടിക്കാനൊന്നുമില്ല, സംശയിക്കാതെ ജ്വല്ലറിയിലേക്ക് വിട്ടോളൂ..
ക്രീമുകളിൽ ലോഹമൂലകങ്ങൾ അമിതമായി ഉപയോഗിക്കുന്നതു വഴി അതുപയോഗിക്കുന്നവർക്ക് പെട്ടെന്ന് ശരീരത്തിൽ തിളക്കം വരും. അതേ സമയം ഈ ലോഹക്കൂട്ട് രക്തത്തിൽ കലർന്ന് വൃക്കയെ തകരാറിലാക്കും. ശരീര ഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്ത സമ്മർദം, അണുബാധ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം.












Click it and Unblock the Notifications