കേരളത്തിന് കേന്ദ്രത്തിന്റെ സഹായം; 50000 ടണ്‍ അരി അധകമായി നല്‍കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അറിയിച്ചത്. ദില്ലിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതല്‍ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കുന്നത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്റെ ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി അറിയിച്ചു. പ്രളയ സാഹചര്യത്തില്‍ കേരളത്തിന് വേണ്ട എല്ലാ സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവില്‍ മഴ മാറി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുനറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മഞ്ഞ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മഴ കുറവ് തന്നെയാണ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുകയും നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കണ്ണൂര്‍, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ മലയോര ഭാഗത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
കാലാവസ്ഥ വകുപ്പിനുള്‍പ്പെടെ വ്യക്തമായി കാലാവസ്ഥയുടെ ഗതി പറയാന്‍ സാധിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനാല്‍ അവരെ കുറ്റപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടയില്‍ കേരളത്തില്‍ അതിശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാണിച്ച് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും അത്തരത്തില്‍ ഒരു സന്ദേശവും നല്‍കിയിട്ടില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.












Click it and Unblock the Notifications