Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്രത്തിന്റേത് വിവേചനപരമായ നീക്കം; ഇത് തുടർന്നാൽ സാമ്പത്തിക ദുരന്തമാകും ഫലം'; മുഖ്യമന്ത്രി

ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിത നീക്കങ്ങളിലൂടെ പടിപടിയായി തകർക്കുകയാണ് കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി, ഇത് വിപത്കരമായ കളിയാണ്. കിഫ്ബിയും കെ എസ് എസ് പി എല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലമെന്നും അദ്ദേഹം പറ‍ഞ്ഞു.

പുതിയ ജി എസ് ടി സംവിധാനം അനുസരിച്ച് ജി എസ് ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020 - 21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ ജി എസ് ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.

pinarayi-vijayan

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലം. അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാവും. പ്രത്യാഘാതങ്ങൾ സമീപഭാവിയിലൊന്നും പരിഹരിക്കാൻ കഴിയുന്നതുമല്ല.

ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിത നീക്കങ്ങളിലൂടെ പടിപടിയായി തകർക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് വിപത്കരമായ കളിയാണ്. കിഫ്ബിയും കെ എസ് എസ് പി എല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിത്.

ധനകമ്മി കൈകാര്യം ചെയ്യുന്നതിലാകട്ടെ അതിലും വിചിത്രമായ വിവേചനവും ഇരട്ടത്താപ്പുമാണ് കേന്ദ്ര ഗവ. സ്വീകരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കടമെടുക്കൽ പരിധി അടിച്ചേൽപ്പിക്കുന്ന കേന്ദ്രം സ്വന്തം കാര്യത്തിൽ അത് ചെയ്യുന്നില്ല. ധനകമ്മി നേരിടുന്നതിൽ പബ്ലിക് അക്കൗണ്ടിനെ അനിയന്ത്രിതമായി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. എന്നാൽ, ന്യായമായ നിലയ്ക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും സംസ്ഥാനങ്ങൾക്കു നൽകുന്നില്ല. കേന്ദ്ര ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് കേന്ദ്ര ബജറ്റിൽ നിന്ന് അനുഭാവപൂർണ്ണമായ നീക്കിവെക്കൽ നടത്തുമ്പോൾ തന്നെ സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് ഈ ആനുകൂല്യം നൽകുന്നതിനെതിരെ സമ്മർദ്ദ നടപടികൾ അടിച്ചേൽപ്പിക്കുന്നു.

കേന്ദ്രം അടിച്ചേൽപ്പിച്ച വായ്പാ നിയന്ത്രണങ്ങൾ വഴി 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പാ സമാഹരണത്തിൽ ആകെ ഉണ്ടായ നഷ്ടം 1,07,513.09 കോടി രൂപയാണ്. 2022 ന് ശേഷം കിഫ്ബിയുടെയും കെ എസ് എസ് പി എല്ലിന്റെയും കടമെടുപ്പ് സംസ്ഥാനത്തിന് അർഹമായ വായ്പകളിൽ നിന്ന് വെട്ടിക്കുറയ്ക്കപ്പെട്ടു. 2020-21 സാമ്പത്തിക വർഷത്തിൽ ഇതു വഴി അർഹമായ വായ്പാ സമാഹരണത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം 9614.30 കോടി രൂപയാണ്. 2021-22 ൽ ആകട്ടെ ഈ നഷ്ടം 6281.04 കോടിയും. സംസ്ഥാനം ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതു മൂലം മാത്രമാണ് ഉണ്ടായത്. എന്നാൽ സ്വന്തം ധനകാര്യ മാനേജ്മെന്റിൽ ഒരു അളവുകോലുകളും കേന്ദ്രം ഏർപ്പെടുത്തിയിട്ടുമില്ല

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശം തകർക്കാനുള്ള കേന്ദ്ര നടപടികളുടെ നേരിട്ടുള്ള പ്രത്യാഘാതമാണ് ഇവയെല്ലാം.
കേന്ദ്രം വായ്പാ പരിധി കുറച്ചതിനെ തുടർന്ന് വർഷങ്ങളായി കൊടുത്തുതീർക്കാനുള്ള കുടിശ്ശിക തുക കൂടി കൂടി വരികയുമാണ്. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. ഈ വികസന പദ്ധതികളെയെല്ലാം പെരുവഴിയിലാക്കാനാണ് കേന്ദ്ര ഇടപെടലുകൾ ഇടയാക്കുക.

കേന്ദ്ര നടപടികൾ മൂലമുണ്ടായ ഈ ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രതിസന്ധി മറികടക്കാൻ അതൊന്നും മതിയാകില്ല. കേന്ദ്ര നടപടികൾ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വർഷംകൊണ്ട്, രണ്ടുമുതൽ 3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ അഞ്ചുവർഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണിത്. ഈ അപകടം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകൾ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും.

വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. അതുകൊണ്ടൊന്നും മറച്ചുവെക്കാവുന്നതല്ല കേരളത്തിനു കേന്ദ്രം വരുത്തിവെച്ച സാമ്പത്തിക ദുരവസ്ഥ.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടത്.

ഇക്കാര്യത്തിൽ അതിശക്തമായ നിയമപോരാട്ടത്തിന് തന്നെയാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമായിരിക്കും ഇത്. ഇതിൽ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കേരള സമൂഹത്തോട് ആകെയും ഒരുമിച്ച് നിൽക്കാൻ അഭ്യർത്ഥിക്കുന്നു', മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+