നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ചണ്ഡീഗഡ് ഡിഎസ്പി
ദില്ലി: പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ചണ്ഡീഗഡ് പോലീസ് ഡിഎസ്പി ദിൽഷർ സിംഗ് ചന്ദേൽ. ഡിസംബർ 18ന് കപൂർത്തല ജില്ലയിലെ സുൽത്താൻപൂർ ലോധിയിൽ നടന്ന രാഷ്ട്രീയ റാലിയിൽ കോൺഗ്രസ് എം എൽ എ കൂടിയായ നവതേജ് സിംഗ് ചീമയെ പുകഴ്ത്തിക്കൊണ്ട് സിദ്ദു പോലീസുകാർക്കെതിരെ രൂക്ഷമായ രീതിയിലുള്ള പരിഹാസമായിരുന്നു നടത്തിയത്. ഇതേ തുടർന്നാണ് പി സി സി അധ്യക്ഷനെതിരെ പോലീസ് സ്വമേധയ നടപടി സ്വീകരിച്ചിരിക്കുന്നത്.
"നവതേജ് വളരെ ശക്തനായിരുന്നു, ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് തന്റെ പാന്റ് നനയിപ്പിക്കാന്‍ അദ്ദേഹത്തിന്. എല്ലാ പാർട്ടി പ്രവർത്തകർ നവതേജിനെപ്പോലെയാകണം", എന്നായിരുന്നു നവജ്യോത് സിങ് സിദ്ധുവിന്റെ വിമർശനം. ഇതിന്റെ വീഡിയോ സമൂമാധ്യമങ്ങളില്‍ വളരെയധികം പ്രചരിച്ചിരുന്നു. പരാമർശത്തില്‍ സിദ്ധുവിനെതിരെ വിമർശനവും രൂക്ഷമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അഭിഭാഷകയായ ഡോ.സൂര്യ പ്രകാശ് മുഖേന ചണ്ഡിഗഡ് ഡിഎസ്പി ഹർജി സമർപ്പിക്കുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ എല്ലാ വിലാസങ്ങളിലേക്കും നോട്ടീസിന്റെ പകർപ്പുകൾ അയച്ചിരുന്നു. അതിൽ രണ്ടെണ്ണം സ്വീകരിക്കാതെ തിരിച്ചയച്ചു, എന്നാല്‍ രണ്ടെണ്ണം സ്വീകരിച്ചതായി റെക്കോർഡ് ചെയ്യപ്പെട്ടു. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ, നോട്ടീസ് നൽകിയിട്ടും തന്റെ പരാമർശത്തിൽ മാപ്പ് പറയാത്തതിനെ തുടർന്നാണ് സിദ്ദുവിനെതിരായ ക്രിമിനൽ മാനനഷ്ട ഹർജി തുടരുന്നതെന്ന് അഭിഭാഷകൻ ഡോ.സൂര്യ പ്രകാശ് വ്യക്തമാക്കുന്നത്. "അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പോലീസുകാരെ മാത്രമല്ല, പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെയാകെ അപമാനിക്കുന്നതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാളെയാണ് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. അതിന് മുന്നോടിയായി പാർട്ടി അധ്യക്ഷനെതിരായുള്ള ഇത്തരമൊരു നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസിന് അധികാരമുള്ള സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബിലെ പോരാട്ടം ഏറെ ശ്രദ്ധേയമാണ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ കഴിഞ്ഞ തവണ ഞെട്ടിച്ചത് ആംആദ്മി പാർട്ടിയായിരുന്നു. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ഇത്തവണ എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കുമെന്ന തരത്തിലാണ് സർവേകള്‍ പ്രവചിക്കുന്നത്.












Click it and Unblock the Notifications