'പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വരുമെന്ന് പ്രതീക്ഷ; ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ തിരഞ്ഞെടുപ്പില്ലാതെ തിരഞ്ഞെടുക്കണം'
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ തരഞ്ഞെടുപ്പില്ലാതെ തെരഞ്ഞെടുക്കണം കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പക്ഷേ കേരളത്തെ സംബന്ധിച്ച് അത്തരമൊരു ചിന്ത പുതിയതായിരിക്കുമെന്നും എന്നാൽ എന്തുകൊണ്ട് അത്തരമൊരു കീഴ്വഴക്കം സൃഷ്ടിച്ച് കൂടെന്നും അദ്ദേഹം ചോദിച്ചു.
'എന്തുകൊണ്ട് നമ്മുക്ക് പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ച് കൂട? ഉമ്മൻചാണ്ടി കേരളത്തെ തന്റെ സ്നേഹം കൊണ്ട് കെട്ടി വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്.ആ സ്നേഹത്തിന് മുന്നിൽ രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല, വർണ-വർഗ വ്യത്യാസമില്ല.അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ എല്ലാവരും ഒന്നിച്ചിരിക്കുന്നു.
ഈ സ്പിരിറ്റ് നിലനിലനിർത്തണം എന്നാണ് പറയാനുള്ളത്. അതുകൊണ്ട് ഈ ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഈ സമയത്ത് ഒരു തിരഞ്ഞെടുപ്പ് ഇല്ലാതെ എങ്ങനെ നമ്മുക്ക് ഉമ്മൻചാണ്ടിയോടുള്ള സ്നേഹം, ആദരവ് എന്നിവ പ്രകടിപ്പിക്കാൻ നോക്കണം. അങ്ങനെയൊരു കീഴ്വഴക്കം കേരളത്തിൽ ഇല്ല എന്ന് പലരും ചിന്തിച്ചേക്കാം, കേരളത്തിൽ ഇന്നുവരെ നടക്കാത്ത കാര്യമാണെന്ന് ചിന്തിച്ചേക്കാം,രാഷ്ട്രീയ മത്സരം നമ്മുക്ക് ഇനിയും നടത്താം. ഉമ്മൻചാണ്ടിയെന്ന സ്നേഹനത്തിന്റെ കണ്ണിയോടുള്ള പ്രത്യേക സ്നേഹത്തിന്റെയും പരിഗണനയോടും സാഹചര്യം കണക്കിലെടുക്കണം.
നിർദ്ദേശമാണ്. ഇങ്ങനേയും കേരളത്തിന് സാധിക്കും, ഇങ്ങനേയും രാഷ്ട്രീയമായി ചിന്തിക്കാം എന്ന് എന്തുകൊണ്ട് ചിന്തിച്ച് കൂട',അദ്ദേഹം ചോദിച്ചു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. മൂന്നോ നാലോ മാസം കഴിഞ്ഞ് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കും. അതിന് കോൺഗ്രസിനെ അനുവദിക്കണമെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി ആരെന്നത് ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കും എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്നും മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം പരാമർശം വിവാദമായതോടെ പിന്നീട് സുധാകരൻ തിരുത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ളയാളാകും സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.












Click it and Unblock the Notifications