ഭാരതപ്പുഴയിൽ നിർമാണം പുരോഗമിക്കുന്ന സ്ഥിരം തടയണ വേനലിന് ആശ്വാസമാകുന്നു
പാലക്കാട്: ഷൊർണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ച് ഷൊർണൂർ കൊച്ചിപ്പാലത്തിനടുത്ത് ഭാരതപ്പുഴയിൽ നിർമാണം പുരോഗമിക്കുന്ന സ്ഥിരം തടയണയുടെ ഗുണഫലം ലഭിച്ചു തുടങ്ങി. തടയണയുടെ അടിത്തറ നിർമാണം ഏതാണ്ട് പൂർത്തിയായതോടെ ജല അതോറിറ്റിയുടെ പമ്പിംഗ് കിണറിന്റെ വൃഷ്ടിപ്രദേശത്ത് വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതാണ് ഈ വേനലിൽ തന്നെ പദ്ധതി ഗുണകരമായി തുടങ്ങിയത്.
തടയണയുടെ നിർമാണം തൃശൂർ ജില്ലാ അതിർത്തിയിലേക്ക് എത്തിയതോടെ ഇവിടേക്ക് നിർമാണ സാമഗ്രികൾ എത്തിക്കാൻ പുഴക്ക് കുറുകെ റോഡ് നിർമ്മിച്ചതാണ് മുകൾ ഭാഗത്തേക്ക് വെള്ളം കെട്ടി നിൽക്കാൻ പ്രധാനമായും ഇടയാക്കിയത്.തടയണയുടെ അടിത്തറ നിർമ്മാണം ഇനി കേവലം 50 മീറ്റർ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ദിവസങ്ങൾക്കകം പൂർത്തിയാകുന്ന തരത്തിലാണ് പുരോഗമിക്കുന്നത്.

പുഴയുടെ അടിത്തട്ടിൽ പാറ കാണുന്ന വരെ താഴ്ത്തി പാറയിൽ നിന്നുമാണ് അടിത്തറ പണിയുന്നത്. അതിനാൽ അടിത്തറ നിർമാണം പൂർത്തിയാൽ താഴത്തേക്കുള്ള നീരൊഴുക്ക് പൂർണമായും നിൽക്കും.ഇത് തടയണയുടെ മേൽഭാഗത്തേക്ക് വെള്ളം കെട്ടി നിൽക്കാൻ സാഹചര്യമൊരുക്കും.
ജല അതോറിറ്റി മണൽചാക്കിട്ട് ഇവിടെ താത്കാലിക തടയണ നിർമ്മിച്ചാണ് വെളളം പമ്പ് ചെയ്യുന്നത്. മൂന്നും നാലും ദിവസം കൂടിയാണ് ഇപ്പോൾ നഗരസഭാ പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നത്. തടയണയുടെ അടിത്തറ നിർമാണം സുഗമമാക്കുന്നതിനായി കെട്ടി നിൽക്കുന്ന വെള്ളം വലിയ ചാല് കീറി ഒഴുക്കിവിട്ടു കൊണ്ടിരിക്കുയാണ്. അടിത്തറക്ക് കീറിയ മീറ്ററുകൾ വീതിയുള്ള ചാലിൽ നിന്നും വലിയ കുതിരശക്തിയുള്ള മോട്ടോർപമ്പ് സെറ്റുകൾ പ്രവർത്തിപ്പിച്ചും വെള്ളം ഒഴുക്കിവിടുന്നുണ്ട്.അടിത്തറ പൂർത്തിയാകുന്നതോടെ ഇത് രണടും ഒഴിവാകും.
അതോടെ ഇവിടെ പൂർണമായും വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാകും. അപ്പോഴേക്കും വേനൽമഴ ലഭിക്കുകയും അല്ലെങ്കിൽ മലമ്പുഴ വെള്ളം തുറന്നു വിടുകയോ ചെയ്താൽ പുഴയുടെ ഇരുകരകളിലുമുള്ളവർക്ക് പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം പൂവണിയുന്ന പ്രതീതിയായി മാറും.












Click it and Unblock the Notifications