ചേലക്കരയില്‍ പിണറായി സര്‍ക്കാരിനുള്ള മറുപടി ജനങ്ങള്‍ നല്‍കും; ജയമുറപ്പെന്ന് അടൂര്‍ പ്രകാശ്
തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മിന്നുന്ന വിജയം തന്നെ വോട്ടര്‍മാര്‍ സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശ് വണ്‍ഇന്ത്യ മലയാളത്തോട്. ചേലക്കരയില്‍ നല്ല പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യു ഡി എഫും നടത്തി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കം ചേലക്കരയില്‍ നിന്ന് ആരംഭിക്കും എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'ചേലക്കരയില്‍ നല്ല പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തി കൊണ്ടിരിക്കുന്നത്. ആ പ്രവര്‍ത്തനങ്ങളിലൂടെ ചേലക്കരയില്‍ നേരത്തെ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകും. കോണ്‍ഗ്രസിന് അനുകൂലമായിട്ടുള്ള ഒരു ചുറ്റുപാട് ഇവിടെ ഉണ്ട് എന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. കോണ്‍ഗ്രസുകാരെ എല്ലാം തന്നെ ഊര്‍ജ്വസ്വലരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്,' അടൂര്‍ പ്രകാശ് വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ മാത്രമല്ല, വയനാട്ടിലാണെങ്കിലും പാലക്കാട്ടാണെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം എല്‍ ഡി എഫ് സര്‍ക്കാരിന് തക്ക മറുപടി ജനങ്ങളിലൂടെ കൊടുക്കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന് ശക്തമായ തിരിച്ചടി കൊടുക്കാന്‍ കഴിയുന്ന അവസരമായിട്ടാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് ഒരോ വിജയവും പ്രധാനമാണ്. ചേലക്കരയിലാണെങ്കിലും പാലക്കാടാണെങ്കിലും വയനാട്ടിലാണെങ്കിലും ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന് പറയുന്നത് തങ്ങളുടെ ഒരു ജീവന്‍മരണ പോരാട്ടമാണ് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
വയനാടും പാലക്കാടും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ് എന്നും അതിനാല്‍ ചേലക്കരയില്‍ വിജയിക്കാന്‍ കഴിയുക എന്നതായിരിക്കും ഇരട്ടി മധുരം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലക്കാട്ടെ കള്ളപ്പണ വിവാദം ചേലക്കരയെ ബാധിക്കില്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാലക്കാട് പോലും ആ വിഷയം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
'പാലക്കാട്ടെ റെയ്ഡ് സിപിഎം തിരക്കഥയാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. വെറുതെ ഒരു തിരക്കഥയുണ്ടാക്കി ജനശ്രദ്ധ തിരിച്ചുമാറ്റാന്‍ വേണ്ടി നടത്തുകയാണ്. രാഹുലിന് അനുകൂലമായ ചുറ്റുപാട് അവിടെ ഉണ്ട് എന്ന് മനസിലാക്കി അതിനെതിരെയുണ്ടാക്കിയെടുത്ത നാടകമാണ് അവിടെ നടന്നത്. ഞങ്ങളൊക്കെ അവിടെയുണ്ടായിരുന്നു,' അടൂര്‍ പ്രകാശ് പറഞ്ഞു.












Click it and Unblock the Notifications