ബീഫിനെ വെല്ലുന്ന ചിക്കന്‍; കിലോയ്ക്ക് 250... ഇനിയും കൂട്ടേണ്ടി വരുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: കോഴിയിറച്ചിക്ക് വില കുത്തനെ കൂടുന്നത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ പ്രതിസന്ധിയാകുന്നു. കിലോയ്ക്ക് 250 രൂപയാണ് കോഴിക്കോട് നഗരത്തില്‍ വാങ്ങുന്നത്. മലപ്പുറത്ത് 220 രൂപ വാങ്ങുന്ന ഇറച്ചിക്കടകളുണ്ട്. എന്താണ് പ്രതിദിനം വില കൂടാന്‍ കാരണം എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തി കാണിക്കുകയാണ് വ്യാപാരികള്‍.
ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തുവെന്ന് വ്യാപാരികള്‍ പറയുന്നു. 100 രൂപയ്ക്ക് വാങ്ങുന്ന ഒരു കുടുംബത്തിന് നേരത്തെ അര കിലോയോ അതിന് മുകളിലോ കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 350 ഗ്രാമാണ് ലഭിക്കുന്നത്. സാധാരണ വില കുറയുന്ന സമയമായിട്ടും ഇറച്ചി വില കൂടുകയാണിപ്പോള്‍. ഇതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല കടയടപ്പ് സമരം നടത്താന്‍ ഒരുങ്ങുകയാണ് കോഴിക്കട വ്യപാരികള്‍.

തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കോഴി വരുന്നത്. കേരളത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ കോഴി ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും വില നിശ്ചയിക്കുന്നതും മറ്റും തമിഴ്‌നാട്ടിലെ ഫാം മുതലാളിമാരാണ്. ചൂട് കൂടുതലായതിനാല്‍ നഷ്ടമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ വില കൂട്ടുന്നതത്രെ. എന്നാല്‍ ഇത്രയും കൂടിയ വില കേരളത്തില്‍ ആദ്യമാണ്.
ഓരോ ദിവസവും കോഴിയിറച്ചി വില കൂടുന്നതിന് കാരണം എന്താണെന്ന് വ്യാപാരികള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല. തമിഴ്‌നാട്ടിലെ ഫാം ഉടമകളെയാണ് അവര്‍ കുറ്റം പറയുന്നത്. 180, 200 എന്നിങ്ങനെയാണ് ജൂണ്‍ മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ കൂടിയ വില. ആദ്യമായിട്ടാണ് 250ലെത്തിയത്. വരും ദിവസങ്ങളില്‍ 260 രൂപയാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ബീഫിന് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 300 രൂപ നല്‍കണം. ചിലയിടങ്ങൡ മാത്രം ഇതിനേക്കാള്‍ വാങ്ങുന്നുണ്ട്. എന്നാല്‍ ദിനംപ്രതി വില കൂടുന്ന സാഹചര്യം ബീഫിന്റെ കാര്യത്തിലില്ല. എന്നാല്‍ ചിക്കന്‍ ഇടയ്ക്കിടെ വില കൂടുകയാണ്. ഇതിന് പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.
കൂടിയ ഇറച്ചി വില പൊടുന്നനെ കുറയാന്‍ ചില മാര്‍ഗങ്ങള്‍ ചിലര്‍ നിര്‍ദേശിക്കുന്നു. ഒരു മാസം ചിക്കന്‍ വാങ്ങാതിരുന്നാല്‍ വില കുറയുമെന്നാണ് അഭിപ്രായം. എത്ര വില കൂട്ടിയാലും വാങ്ങുമെന്ന തോന്നലാണ് മുതലാളിമാര്‍ വില കൂട്ടാന്‍ കാരണം, അത്യാവശ്യക്കാര്‍ മാത്രം വാങ്ങിയാല്‍ മതി... ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
ഉല്‍സവ സീസണുകളില്‍ കോഴിയിറച്ചിക്ക് വില കൂടാറുണ്ട്. അത് ഏതാനും ദിവസങ്ങള്‍ മാത്രമേയുണ്ടാകൂ. പിന്നീട് വില കുറയും. 220 രൂപയ്ക്ക് വരെ നേരത്തെയും കോഴിയിറച്ചി വിറ്റിട്ടുണ്ട്. എന്നാല്‍ 250ലെത്തിയത് ആദ്യമാണ്. ഈ സാഹചര്യത്തിലാണ് ജൂണ്‍ 14 മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കോഴിയിറച്ചി വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications