ഗവർണറുടെ ചായ സത്കാരവും ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; പങ്കെടുത്തത് മൂന്ന് പേർ
തിരുവനന്തപുരം: രാജ്ഭവനിൽ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെ ബി ഗണേഷ്കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ മാത്രമാണ് ഗവർണറുടെ ക്ഷണം സ്വീകരിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഗവർണർ ഒരുക്കുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതാണ് പതിവ് രീതി. ആ പതിവാണ് ഇത്തവണ തെറ്റിയിരിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ സത്യപ്രതിജ്ഞ ചടങിൽ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ ഇന്ന് തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെയാണ് ചായ സത്കാരവും കൂട്ടത്തോടെ ബഹിഷ്കരിച്ചത്.

ഈ വർഷം ജനവരിയിൽ സർക്കാരും ഗവർണറും തമ്മിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടെ മന്ത്രി സജി ചെറിയാന്റെ സത്യപ്രതിഞ്ജ നടന്നിരുന്നു. ചടങ്ങിന് ശേഷം ഈ ശീതസമരത്തിന് അറുതിയായി. ഇത്തവണയും അതേ രീതിയിൽ അതൃപ്തികൾൾ പരിഹരിക്കുമെന്നായിരുന്നു പ്രതീക്ഷപ്പെട്ടത്. എന്നാൽ ഗവർണർ - സർക്കാർ പോര് കൂടുതൽ ശക്തമാകുകയാണെന്ന സൂചനയാണ് ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉണ്ടായത്.
അതേസമയം ഇന്ന് വൈകീട്ടായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, സജി ചെറിയാൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, എ. കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. എൻ. വാസവൻ, ഡോ. ആർ. ബിന്ദു, എം. ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം. പി, എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ, കല, ബിസിനസ് രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.












Click it and Unblock the Notifications