ബ്രഹ്‌മപുരം തീപിടുത്തം: കാരണം കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി, ത്രിതല അന്വേഷണം നടത്തും
ബ്രഹ്‌മപുരം തീപിടുത്തത്തിന് 14 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി സംഭവത്തില്‍ പ്രതികരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തുമ്പോള്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടായിരുന്നില്ല

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീപിടുത്തത്തിന്റെ കാരണമെന്തെന്നും ഉത്തരവാദികളാരെന്നും കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ത്രിതല അന്വേഷണം നടക്കും എന്നും ഉത്തരവാദികള്‍ക്ക് തക്ക ശിക്ഷ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും ഇതിന് മുന്നില്‍ നിന്നവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയില്‍ ആണ് തീപിടിച്ചത്. ഇത് തീ അണക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീ അണക്കുന്നതിന് വിദഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് ക്രിമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. കൂടാതെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തീപിടുത്തമുണ്ടായതിന് പിന്നാലെ മാര്‍ച്ച് മൂന്നിന് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരുന്നു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തി. ഇതില്‍ സ്ഥിഗതികള്‍ വിലയിരുത്തി.
പിന്നീട് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തി ഉന്നതതല യോഗം ചേര്‍ന്നു. മാര്‍ച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി എന്നും വ്യോമസേനയെയും തീ കെടുത്തുന്നതിനായി വിന്യസിച്ചു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം ചേര്‍ന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വേര്‍തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീ അണക്കാനുള്ള വാഹനങ്ങള്‍ക്ക് മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാന്‍ ആദ്യ ഘട്ടത്തില്‍ പ്രയാസം നേരിട്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ കോണുകളില്‍ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സര്‍ക്കാര്‍ നിരന്തരം തേടിക്കൊണ്ടിരുന്ന എന്നും ജനപ്രതിനിധികളും മറ്റും നല്‍കിയ നിര്‍ദേശങ്ങളുടെ പ്രായോഗികത സര്‍ക്കാര്‍ പരിഗണിച്ചു എന്നും പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ബ്രഹ്‌മപുരം തീപിടുത്തെ തുടര്‍ന്ന് 1335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഇതില്‍ 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ് എന്നും 21 പേര്‍ക്ക് കിടത്തി ചികിത്സ ആവശ്യമായി വന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ക്കുമുണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications