ശൈശവവിവാഹം; ന്യായീകരണവുമായി സര്‍ക്കാര്‍
കൊച്ചി: 2013 ജൂണ്‍ 13 ന് മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കുലറിനെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ വിവാഹിതരാകുന്നതുമായി കേരള വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തിന് ബന്ധമില്ലെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം എല്ല മതസമുദായത്തിലും നടക്കുന്നുണ്ട്. ഇത്തരത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് സര്‍ക്കാറിന്റെ അര്‍ഹമായ അവകാശങ്ങളൊന്നും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജൂണ്‍ 27ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 27ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ ബാലസംഘം നല്‍കിയ ഹര്‍ജിലാണ് സര്‍ക്കാര്‍ സത്യവാങ്മുലം.
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ശൈശവിവാഹ നിരോധന നിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നത്. ഈ നിയമം അനുസരിച്ച് തന്നെയാണ് ഇത്തരം വിവാഹങ്ങള്‍ക്കുള്ള ശിക്ഷണ നടപടിയും. എന്നാല്‍ 2008ലെ കേരള റജിസ്‌ട്രേഷന്‍ ചട്ടവും സര്‍ക്കുലറുമായി ബന്ധമില്ലെന്നും സര്‍ക്കുലര്‍ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ലൈസന്‍സല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു പ്രത്യേകമതവിഭാഗത്തെ സംതൃപ്തിപ്പെടുത്താനാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചതെന്ന ആരോപണത്തെ സത്യവാങ്മൂലത്തില്‍ നിഷേധിക്കുന്നുണ്ട്. വിവാഹം നടന്നത് മതാചാരപ്രകരാമാണെങ്കിലും ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടണം. ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിവാഹങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചത്.












Click it and Unblock the Notifications