കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് പിണറായി, സിപിഎം രക്തസാക്ഷികളെ തേടി നടക്കുന്നെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഡിവൈഎഫ്ഐ നേതാക്കളുടെ കൊലപാതകം കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കാനുളള ശ്രമം വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ: '' തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു''.

cm

രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ല. കായംകുളം കൊലപാതകം കോൺഗ്രസിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു മണിക്കൂറുകൾക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിൽ തിരുവനന്തപുരം റൂറൽ എസ്പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണ്. രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പി. വ്യക്തമാക്കിയത്.

കൊല നടത്താനുള്ളവരെ പോറ്റിവളർത്തുകയും ജയിലിൽ ആകുമ്പോൾ അവർക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. സ്വർണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിൻവാതിൽ നിയമനം ഉൾപ്പെടെ നാണക്കേടിൽ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണ്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തണം. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു''.

മന്ത്രി എംഎം മണി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' കോൺഗ്രസ് ക്രിമിനലുകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടന്ന ഇരട്ട കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ സഖാക്കൾ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയുമാണ് തിരുവോണം ആഘോഷിക്കാൻ ഒരുങ്ങിയിരുന്ന കേരള ജനതയുടെ ഹൃദയം തകർത്തുകൊണ്ടും കേരളത്തെയാകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടും കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ ക്രിമിനലുകൾ ചേർന്ന് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.

കേരളത്തിൽ കലാപാന്തരീക്ഷം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വളരെ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി മാത്രമേ ഈ ഇരട്ട കൊലപാതകത്തെ കാണാൻ കഴിയൂ. ഒരു വശത്ത് സമാധാനം പ്രസംഗിക്കകയും മറുവശത്ത് കൊലപാതകം ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ കോൺഗ്രസ് ഇനിയെങ്കിലും തയ്യാറാകണം. സമഗ്രമായ അന്വേഷണം നടത്തി ഈ ഇരട്ട കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകതന്നെ ചെയ്യും. ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും ആദരാഞ്ജലികൾ. അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും കേരളത്തിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നു''.

English summary
CM Pinarayi Vijayan and Opposition leader Ramesh Chennithala condemns DYFI activists murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X