കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥത്തില്‍ കേരളമില്ല, ഇന്ന് രാത്രി സമയം വളരെ നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയിട്ടുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത 24 മണിക്കൂറില്‍ ഇതിന്‍റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്‍റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ല. ന്യൂനമര്‍ദ കേന്ദ്രത്തിന്‍റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാത്രി സമയം വളരെ നിര്‍ണ്ണായകമാണ്. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാം. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും നമ്മള്‍ ജാഗ്രത കൈവിടാതിരിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാറ്റിന്‍റെ സ്വാധീനം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. സമീപ ജില്ലകളിലും കാറ്റ് പ്രതീക്ഷിക്കാം. അതുകൊണ്ട് ശക്തമായ കാറ്റുമൂലമുള്ള അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സുരക്ഷിതമാക്കി മാറ്റണം. ഓരോ കുടുംബവും അവരവരുടെ ഭൂമിയിലെ മരങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ചില്ലകള്‍ വെട്ടിക്കളയണം. അതുപോലെ ചെറിയ ചാലുകള്‍ തടസപ്പെട്ടിട്ടില്ല എന്നും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

weather

അതിതീവ്ര മഴ തുടരുകയാണെങ്കില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം, വെള്ളക്കെട്ട് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കടല്‍ക്ഷോഭവും തുടരുമെന്നാണ് കാണുന്നത്. ഇവിടങ്ങളിലൊക്കെയുള്ള അപകടാവസ്ഥയിലുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ചേര്‍ന്ന് തയ്യാറാക്കിവെച്ച സുരക്ഷിത ക്യാമ്പുകളിലേക്ക് അധികൃതരുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് മാറി താമസിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ കേന്ദ്ര-സംസ്ഥാന സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുന്‍കരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കരസേനയുടെ ഡിഎസ്സി ഒരു ടീമിനെ കാസർകോടും രണ്ട് ടീമുകളെ കണ്ണൂരും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ 2 സംഘങ്ങള്‍ തിരുവനന്തപുരത്ത് സ്റ്റാന്‍ഡ്ബൈ ആയി സജ്ജമാണ്. ഒരു എഞ്ചിനിയറിങ് ടാസ്ക് ഫോഴ്സ് ബംഗളുരുവില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു. ഇവരെ സംസ്ഥാന പോലീസും അഗ്നിശമന രക്ഷാസേനയും പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും സഹായിക്കും.

മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. കടലിലുണ്ടായിരുന്ന മല്‍സ്യ തൊഴിലാളികളെ സുരക്ഷിതമായി മുന്‍കൂട്ടി തന്നെ കരയ്ക്കെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തിന്‍റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടര്‍ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഇഒസിയുമായി ബന്ധപ്പെടാവുന്നതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത ഏതാനും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാനുളള മുന്‍കരുതല്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. മഴയും മറ്റ് പ്രതികൂല സാഹചര്യങ്ങളുംമൂലം റോഡ് ഗതാഗതം തടസപ്പെട്ടാല്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാന്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
CM Pinarayi Vijayan asks all to be alert as Cyclone reaches Kerala Coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X