• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ വൈറസ്: വ്യാജ പ്രചരണത്തിൽ പെടരുതെന്ന് മുഖ്യമന്ത്രി, പ്രതിരോധത്തിന് മന്ത്രിമാർ നേരിട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം: പരിശോധന നടത്തിയ എട്ട് സാംപിളുകളും നെഗറ്റീവ് ആയതോടെ നിപ ഭീതിയിലായ കോഴിക്കോടിന് ആശ്വാസമായിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കോ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കോ രോഗമില്ല. കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. ​കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം തുടരുന്ന ഘട്ടത്തിലാണ് വീണ്ടും നിപ വന്നത്. കോവിഡ് പ്രതിരോധത്തോടൊപ്പം തന്നെ നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 വയസ്സുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തര യോഗം ചെര്‍ന്ന് നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം, സാമ്പിള്‍ ടെസ്റ്റ് ആന്‍റ് റിസള്‍ട്ട് മാനേജ്മെന്‍റ്, സമ്പര്‍ക്ക പരിശോധന, രോഗ ബാധിതര്‍ക്കായുള്ള യാത്ര സംവിധാനത്തിന്‍റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവര വിശകലനം തുടങ്ങിയവ ചെയ്യാന്‍ ചുമതലപ്പെടുത്തി 16 കമ്മിറ്റികള്‍ രൂപീകരിച്ചു.

സമ്പര്‍ക്ക പട്ടികയിൽ 257 പേരാണുള്ളത്. അതിൽ 141 ആരോഗ്യ പ്രവർത്തകരാണ്. 51 പേര്‍ ആശുപത്രിയിലുണ്ട്. ഗുരുതരമായ രോഗലക്ഷണം ആര്‍ക്കുമില്ല. ഇന്നലെ രാത്രി വൈകി പൂനെയില്‍ നിന്ന് ലഭിച്ച എട്ടു ഫലങ്ങളും നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്. കോഴിക്കോട് സെറ്റ് ചെയ്ത് ലാബില്‍ നിന്ന് ലഭിച്ച ഫലവും നെഗറ്റീവ് ആണ്. ഇന്ന് കൂടുതല്‍ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്‍റെ ഫലം ലഭിക്കും. ചില സാമ്പിളുകള്‍ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ചതുപോലെ രാത്രി വൈകി അതിന്‍റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രിമാരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനവും ഉടനടിയുണ്ടായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനു പുറമേ മറ്റ് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കി. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. ഐസിയു കിടക്കകളുടേയും വെന്‍റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി. അന്നു തന്നെ ഹൈ റിസ്കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കി. അധികമായി ജീവനക്കാരെ നിയമിക്കാനും പരിശീലനം സിദ്ധിച്ചവരെ നിപ ചികിത്സയ്ക്കായി നിയോഗിക്കാനും നടപടികള്‍ സ്വീകരിച്ചു.

എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമിലൂടെയാണ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി നിപ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. . സര്‍ക്കാര്‍, സ്വകാര്യം ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചു. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്മെന്‍റ് ഗൈഡ്ലൈനും, ഡിസ്ചാര്‍ജ് ഗൈഡ്ലൈനും പുറത്തിറക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലങ്ങള്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്‍റിന്‍റെ ഘടന.

cmsvideo
  Dr. KP Aravindan's fb post about Nipah Virus | Oneindia Malayalan

  എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് അതി വേഗം കോഴിക്കോട്ട് നിപ പരിശോധനയ്ക്കുള്ള ലാബ് സജ്ജമാക്കിയത്. ടെസ്റ്റ് കിറ്റുകളും റീയേജന്‍റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും എത്തിക്കുകയായിരുന്നു.

  മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കിയിട്ടുമുണ്ട്. മോണോക്ലോണല്‍
  ആന്‍റിബോഡി ആസ്ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ എത്രയും വേഗം എത്തിക്കുമെന്ന് ഉറപ്പ് നല്‍കി. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനും വലിയ ശ്രമം നടക്കുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്‍ട്രോള്‍ റൂമില്‍നിന്നും വിളിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്യുന്നുണ്ട്. വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ വീതവും നിപ സമ്പര്‍ക്ക പട്ടികയില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്നും മലപ്പുറത്തുനിന്നും ഉള്ളവരെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. ആര്‍ക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല.

  നിപാ ബാധിതപ്രദേശത്ത് ബോധവല്‍ക്കരണങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം സിദ്ധിച്ച ടീമുകള്‍ ഗൃഹസന്ദര്‍ശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. 25 വീടുകള്‍ക്ക് ഒരു ടീം എന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. ഇതിലൂടെ ജില്ലകളിലെ നിപ പ്രതിരോധം ശക്തമാക്കാനും ഏകോപിപ്പിക്കാനും സാധിക്കും. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കുന്നതാണ്. നിപ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിനും കൈമാറുന്നതിനും ഇ ഹെല്‍ത്ത് സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തി.

  കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി. ആശുപത്രിയില്‍ ഒരു രോഗി എത്തുമ്പോള്‍ മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. രോഗപ്രതിരോധം, നിരീക്ഷണം, റെഫറല്‍, ബോധവല്‍ക്കരണം എന്നിവയിലൂന്നിയായിരുന്നു പരിശീലനം. ഇത് കൂടാതെ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍., ആശാ വര്‍ക്കര്‍മാര്‍, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കി. നിപയെ നേരിടാനും വ്യാപനം തടയാനും എല്ലാ തലത്തിലുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിപയുടെ കാര്യത്തില്‍ പലതരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് കണ്ടെത്തി തടയും. അത്തരം പ്രചാരണങ്ങളില്‍ പെട്ടുപോകരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

  English summary
  CM Pinarayi Vijayan asks not to believe in fake reports on Nipah in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X