മാര്‍ച്ച് ഒന്ന് വരെ മതി..... മുഖ്യമന്ത്രിയുടെ മാധ്യമ-പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു!!
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കവെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇതിന്റെ ഉത്തരവും ഇറങ്ങി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനമാണ് മാര്‍ച്ച് ഒന്നിന് ശേഷം അവസാനിപ്പിച്ചിരിക്കുന്നത്. കൈരളി ടിവിയിലെ മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. വിരമിച്ച മുന്‍ ഡിജിപിയാണ് രമണ്‍ ശ്രീവാസ്തവ. ശാസ്ത്ര ഉപദേഷ്ടാവ്, നിയമ ഉപദേഷ്ടാവ് എന്നിവയും മുഖ്യമന്ത്രിക്കുണ്ട്.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പ് തീരുമാനത്തെ വിശദീകരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ നിയമനം. അതേസമയം രമണ്‍ ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. 2017 ഏപ്രിലില്‍ രമണ്‍ ശ്രീവാസ്തവയും നിയമിതനായി.
അതേസമയം കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ പോലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും നിയമിക്കുന്നത്. അതുകൊണ്ട് നിയമനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും, വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും നയങ്ങള്‍ പല തവണ വിമര്‍ശന വിധേയമായത് രമണ്‍ ശ്രീവാസ്തവ ഉപദേഷ്ടാവായ ശേഷമായിരുന്നു. അതുപോലെ മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും മോശമായത് ബ്രിട്ടാസിനെയും പ്രതിക്കൂട്ടിലായിരുന്നു.
ഇത്തരം വിവാദങ്ങള്‍ക്കൊക്കെ അവസാനമിട്ടാണ് ഇരുവരും പടിയിറങ്ങുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഇവര്‍ തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല. കാലാവധി അവസാനിക്കുന്നത് കൊണ്ട് എന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്.