കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്: മുഖ്യമന്ത്രി
കാസർകോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെ സംസ്ഥാനത്തിമ് അതിജീവിക്കാൻ കഴിയുന്നൂ എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പർ വൺ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാർഡുകൾ നൽകേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. 2016 ൽ തകർന്നടിഞ്ഞുകിടന്നിരുന്ന ഒരു നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങശ്‍ എൽ ഡി എഫിനെ ഏൽപ്പിച്ചത്. അത് ഈ നാടിനെ കാലോചിതമായി മാറ്റിതീർക്കണമെന്നും മറ്റ് പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഇവിടെയും വേണമെന്നും ആഗ്രഹിച്ചാണ് ജനങ്ങൾ ഭരണം നൽകിയത്. ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എൽ ഡി എഫ് സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ചത്. ആ ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്.

ഒട്ടേറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകർച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കാതെ നാം അതിജീവിച്ചു. നിപയും ഓഖിയും 2018 ലെ മഹാ പ്രളയവും 2019 ലെ കാലവർഷക്കെടുതിയുമെല്ലാം അതിജീവിച്ചുവരുന്നതിനിടെ കോവിഡ് ആക്രമണം ഉണ്ടാകുന്നതെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നും പിണറായി വിജയൻ പറഞ്ഞു. ദേശീയപാത നിർമാണം ഇപ്പോൾ പൂർത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാൽ യാത്ര കൂടുതൽ സുഗമമാകും. 2016 ലെ സർക്കാർ തന്നെ 2021 ൽ തുടരുന്നതിനാലാണ് ഇന്ന് ദേശിയ പാത വികസനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്രസഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുന്ന സഹായം തന്നെ തടയുന്ന നിലയുണ്ടായി. കേരളം തകരട്ടെയെന്ന് കേന്ദ്രം ആഗ്രഹിച്ചെങ്കിലും രാജ്യത്തിന് മുന്നിൽ നമ്പൿ വൺ എന്ന അവാർഡുകൾ കേന്ദ്രത്തിന് തന്നെ നൽകേണ്ടി വന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തോടൊപ്പം ചേർന്ന് ഇടത് വിരുദ്ധ നിലപാടാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യം സംസ്ഥാമായി കേരളം മാറുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ രാജൻ പറഞ്ഞു. കേരളം എന്ന നാട് ഉണ്ടെന്ന് ഓർക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര ബജറ്റിൽ ചൂരൽമല എന്ന വാക്കുണ്ടായിരുന്നില്ല. വയനാട്ടിലെ അവസാന ദുരന്തബാധിതനെയും കേരളം പുനരധിവസിപ്പിക്കും, ഇത് കേരള സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications