സിൽവർ ലൈൻ; മുഷ്കോടെ പദ്ധതി വേണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല; കോൺഗ്രസിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം; സിൽവർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈനിന്റെ വ്യക്തതയ്ക്കായി സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും എന്നാൽ പദ്ധതി കേരളത്തിന്റെ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ ഭാഗത്ത് നിന്ന് പദ്ധതിയെ കുറിച്ചുള്ള എതിർപ്പുകൾ ഉണ്ടായാൽ അത് പരിഗണിക്കും. എന്നാൽ പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാൽ അതിനെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനാവശ്യമായ കാര്യങ്ങളെ എതിർത്താൽ അതിന് ഒപ്പം നിൽക്കാൻ സർ്കകാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും പദ്ധതിയിലെ പ്രതിപക്ഷ എതിർപ്പിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എതിര്‍പ്പിന്റെ ഭാഗമായി നാടിന് ആവശ്യമായ പലതും നടപ്പാക്കാന്‍ കഴിയാതെ പോയി. ഇവിടെയൊന്നും നടക്കില്ലെന്നതായിരുന്നു ഒരു കാലത്ത് കേരളത്തിലെ പൊതുചിന്ത. ഇന്ന് സ്ഥിതി മാറി. കാര്യങ്ങള്‍ നടപ്പാകുമെന്ന നില വന്നപ്പോള്‍ ഇവിടെ പലതും നടക്കുമെന്ന് ജനം ആത്മവിശ്വാസത്തോടെ പറയുന്ന നിലയായി. നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ പോസിറ്റീവ് സമീപനം ഉണ്ടാവണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതിനിടെ കാസർഗോഡെ പ്രസംഗത്തിൽ കോൺഗ്രസിനെ മുഖ്യമന്ത്രി കടന്നാക്രമിച്ചു.
കോൺഗ്രസ് എല്ലാ കാര്യത്തിലും സമരസപ്പെട്ട് പോകുകയാണ്. ഓരോ ഘട്ടവും പശുവിന്റെ ഘട്ടം, ആളുകളെ ആക്രമിക്കുന്ന സമയത്ത്, ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ സമയത്ത്, വലിയ തോതിൽ വർഗീയ സംഘർഷങ്ങൾ ഉയർന്ന് വന്നപ്പോൾ അപ്പോഴെല്ലാം കോൺഗ്രസ് നേതാക്കൾ സമരസപെടുകയാണ്. കോൺഗ്രസ് ഈ രാജ്യത്ത് ഒരു ബദൽ അല്ല. ബദലിന് ബദൽ നയം വേണം. വർഗീയതയെ ഉറച്ച നിലപാടോടെ എതിർക്കണം. അതിന് കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അതപതിച്ചു.
നമ്മുടെ രാജ്യത്ത് ബി ജെ പി സർവ്വനാശം വിതയ്ക്കുന്ന സംവിധാനമാണ്. ആ ബി ജെ പി സർക്കാർ എല്ലാ തരത്തിലും രാജ്യത്തിന് ശാപമാണ്. അതുകൊണ്ട് തന്നെ അവരെ ഒഴിവാക്കാൻ എങ്ങനെ സാധിക്കും? നമ്മുടെ രാജ്യം വിശാലമാണ്. വിവിധ സംസ്ഥാനങ്ങളിൽ കരുത്തുള്ള പ്രാദേശിക പാർട്ടികൾ ഉണ്ട്. ബി ജെ പിയെ എതിർക്കാൻ ആരൊക്കെ തയ്യാറാകുന്നു? ഈ ആപത്ത് എ്ലലാവരും തിരിച്ചറിയുന്നുണ്ട്. അതത് സംസ്ഥാനത്ത് ബി ജെ പിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കണം, വിപുലമായ യോജിപ്പ് അവിടെ ഉണ്ടാകണം. അക്കാര്യത്തിൽ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് ഒരുപാട് പങ്കുവഹിക്കാനുണ്ട്. കൃത്യമായ നിലപാടോടെ ഇടതുപക്ഷം പ്രതിപക്ഷ ഐക്യത്തിന് ഒപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.