പാചക വാതക സിലിണ്ടർ വില വീണ്ടും ഉയർന്നു; ജെറ്റ് ഇന്ധന വിലയും വർധിപ്പിച്ചു, ടിക്കറ്റ് നിരക്ക് കൂടുമോ
ദില്ലി: പാചക വാതക സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടർ വിലയാണ് തുടർച്ചയായ നാലാം മാസവും വർധിപ്പിച്ചിരിക്കുന്നത്. 19 കിലോയുടെ സിലിണ്ടറിന് 61 രൂപ 50 പൈസ കൂട്ടിയതോടെ ശരാശരി 1964 രൂപ എന്നതിലേക്ക് വിലയെത്തി. പുതിയ വർധനവോടെ കൊച്ചിയിലെ സിലിണ്ടർ വില 1810 രൂപ 50 പൈസയിലേക്ക് ഉയർന്നു. 1749 രൂപ എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്. പതിവ് പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായിട്ടാണ് വർധനവ്.
ചെന്നൈയില്‍ 1964.50 രൂപയാണ് ഇന്നത്തെ വാണിജ്യ എല്‍ പി ജി സിലിണ്ടർ വില. ഡല്‍ഹിയില്‍ 1802, കൊല്‍ക്കത്ത 1911.50, മുംബൈ 1754.50 എന്നിങ്ങനെയാണ് മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ വില. വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി ഉയർത്തുമ്പോഴും ഗാർഹിക ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടർ വില വർധിപ്പിക്കാത്തത് കുടുംബങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

കഴിഞ്ഞ നാല് മാസത്തിനിടെ 157.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർധിച്ചത്. ഒക്ടോബറില്‍ 48 രൂപ, സെപ്തംബറില്‍ 39 രൂപ എന്നിങ്ങനെയായിരുന്നു വർധനവ്. സെപ്തംബറിന് മുമ്പ് ഒഗസ്റ്റിലും വാണിജ്യ വാതക സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഓഗസ്റ്റില്‍ സിലിണ്ടർ ഒന്നിന് 8.50 രൂപയാണ് കൂട്ടിയത്. അതേസമയം ജുലൈ മാസത്തില്‍ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വാണിജ്യ സിലിണ്ടറിന് ഒന്നിന് 30 രൂപയായിരുന്നു അന്ന് കുറച്ചത്.
ഗാർഹിക സിലിണ്ടറുടെ വില കഴിഞ്ഞ മാർച്ച് മുതല്‍ ഒരേ നിരക്കില്‍ തന്നെ തുടരുകയാണ്. കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 812 രൂപ എന്ന് നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. മാർച്ചില്‍ വനിതാ ദിനത്തിന്റെ ഭാഗമായി ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന്‍റെ വില കേന്ദ്ര സർക്കാർ കുറച്ചിരുന്നു. 100 രൂപയായിരുന്നു അന്ന് കുറച്ചത്. ഇതോടെയാണ് ഏറെ നാള്‍ 912 രൂപയായിരുന്ന വില 812 ലേക്ക് എത്തിയത്.
എല്‍ പി ജി സിലിണ്ടറിന് പുറമെ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എ ടി എഫ്) അതായത് ജെറ്റ് ഇന്ധന നിരക്കിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ജെറ്റ് ഇന്ധന നിരക്ക് കിലോലിറ്ററിന് 2941.5 രൂപയാണ് വർധിപ്പിച്ചത്. പുതിയ വർധനവോടെ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലെ വില യഥാക്രമം 90538.72, 93392.79, 84642.91, 93957.10 എന്നിങ്ങനെയാണ്. നിരക്ക് വർധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.












Click it and Unblock the Notifications