കെ മുരളീധരനെ വിടാതെ ഹൈക്കമാന്റ്; നിർണായക പദവി.. ഇനി കോൺഗ്രസിൽ കളിമാറും
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ സമൂലമായ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പാടെ പൊളിച്ച് കൊണ്ട് കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചു. ഇനി കെപിസിസി ,ഡിസിസി പുന;സംഘടനയനാണ് മുന്നിലുള്ളത്. ജംബോ കമ്മിറ്റികൾ പൊളിച്ച് ഗ്രൂപ്പ് അതീതമായുള്ള നിർണായക നിയമനങ്ങൾ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതിനിടെ സംസ്ഥാന കോൺഗ്രസിൽ അപ്രതീക്ഷ ഇടപെടൽ കൂടി നടത്തിയിരിക്കുകയാണ് ഹൈക്കമാന്റ്. കെ മുരളീധരനെ കെപിസസി തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനാക്കി നിയമിച്ച് കൊണ്ടാണ് നിർണായക നീക്കം. വിശദാംശങ്ങളിലേക്ക്
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയെ അടിമുടി പൊളിച്ചെഴുതുകയാണ് ഹൈക്കമാന്റ് നേതൃത്വം. ശക്തമായ ഗ്രൂപ്പ് സമ്മർദ്ദങ്ങൾ മറികടന്ന് കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. കെപിസിസി അധ്യക്ഷമായി കെ സുധാകരനെ നിയമിച്ചപ്പോഴും ഗ്രൂപ്പ് സമവാക്യങ്ങൾക്ക് ചെവികൊടുത്തില്ല. ഉടൻ തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്തും പുതിയ നിയമനം ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു.

മുതിർന്ന നേതാവും വടകര എംപിയുമായ കെ മുരളീധരൻ കൺവീനർ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. പദവിക്കായി അദ്ദേഹവും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിനിടയിലാണ് ഇപ്പോഴത്തെ അപ്രതീക്ഷിത നിയമനം. നേരത്തേയും കെ മുരളീധരന് തുരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാനായി ഹൈക്കമാന്റഅ നിയമിച്ചിരുന്നു. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനായി നിയമിച്ച പിന്നാലെയായിരുന്നു മുരളീധരന് പുതിയ പദവി നൽകിയത്.

എന്നാൽ കഴിഞ്ഞ വർഷം സപ്റ്റംബറോടെ മുരളീധരൻ തത്സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കേണ്ടതില്ലല്ലോയെന്നുമായിരുന്നു മുരളീധരൻ അന്ന് പ്രതികരിച്ചത്. പാര്‍ട്ടിയിലെ പുനഃസംഘടന നടപടികളിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. പത്രത്തില്‍ വാര്‍ത്ത വരുന്നത് മാത്രമാണ് താൻ അറിയുന്നത്. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും താൻ അറിഞ്ഞില്ലെന്നും മുരളീധരൻ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നു.അതസേമയം മുരളീധരനെ വീണ്ടും സുപ്രധാന പദവി നൽകി തിരിച്ചെത്തിച്ച നടപടി അതീവ പ്രധാന്യമർഹിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കാനുള്ള വെല്ലുവിളി കെ മുരളീധരൻ ഏറ്റെടുത്തത് ഹൈക്കമാന്റിനെ സന്തോഷിപ്പിച്ചിരുന്നു. കോൺഗ്രസ് ബിജെപിയ്ക്കെതിരെ ശക്തമായ മത്സരം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടുമെല്ലാം ഹൈക്കമാന്റ് നേമത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ല. അതിനിടയിലാണ് മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തത്.

മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയും കെ മുരളീധരൻ സർക്കാരിനെതിരെ നടത്തുന്ന ശക്തമായ പ്രതികരണങ്ങൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയതായി ഹൈക്കമാന്റ് വിലയിരുത്തുന്നുണ്ട്. ഒരു ഘട്ടത്തിൽ പാർട്ടി അധ്യക്ഷനായി കെ മുരളീധരനെ നിയമിക്കണമെന്ന ആവശ്യവും പാർട്ടി പ്രവർത്തകർ ഉന്നയിച്ചിരുന്നു.

മാത്രമല്ല വിഡി സതീശനും കെ സുധാകരനും കോൺഗ്രസ് തലപ്പത്ത് എത്തിയതോടെ കെ മുരളീധരന് കൂടി ഉന്നത സ്ഥാനം നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. എംഎം ഹസനെ മാറ്റി യുഡിഎഫ് ചെയർമാനായി മുരളീധരനെ നിയമിക്കണമെന്നതായിരുന്നു ആവശ്യം. ഇക്കാര്യം ഉയർത്തി പാർട്ടി അണികൾ ദേശീയ നേതൃത്വത്തിന് ഇമെയിൽ സന്ദേശം അയക്കുക വരെ ചെയ്തിരുന്നു.

എന്നാൽ ഐ ഗ്രൂപ്പ് മുരളീധരനെതിരെ ഐ ഗ്രൂപ്പ് നേതാക്കൾ ചരടുവലി നടത്തി. മുരളീധരനെ പോലൊരാൾ യുഡിഎഫ് കൺവീനറായാൽ അത് പാർട്ടിയിൽ പുതിയ വെല്ലുവിളിയാകുമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നിൽ മാത്രമല്ല പുതിയ അധികാര കേന്ദ്രം സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്നും ഐ ഗ്രൂപ്പ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ മറ്റൊരു പ്രധാന പദവിയിലേക്ക് അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്.

അതേസമയം പ്രവർത്തന മികവിലും ജനപിന്തുണയിലും ഒരുപടി മുന്നിലുള്ള മുരളീധരൻ പ്രചരണ ചെയർമാൻ പദവിയിലെത്തുന്നത് ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നുണ്ട്. എന്നാൽ നേരത്തേ രാജിവെച്ച പദവിയിൽ തന്നെ വീണ്ടും നിയമിക്കപ്പെട്ടതിൽ കെ മുരളീധരന്റെ പ്രതികരണമാണ് ഉറ്റുനോക്കപ്പെടുന്നത്. അതിനിടെ മുരളീധരന് പുതിയ പദവി നൽകിയതോടെ ഇനി ആർക്കാകും യുഡിഎഫ് കൺവീനർ പദവി ലഭിക്കുകയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

നേരത്തേ തത്സ്ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെവി തോമസിന്റെ പേര് പരിഗണിച്ചിരുന്നു. പതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതോടെ പദവി നഷ്ടപ്പെട്ട തോമസ് കൺവീനർ പദവി നൽകണമെന്ന ആവശ്യം ഹൈക്കമാന്റിന് മുന്നിൽ വെച്ചിരുന്നു. എന്നാൽ കെ മുരളീധരനെയാണ് തത്സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നതോടെ നേരത്തേ തന്നെ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വത്തോട് ഇടഞ്ഞ തോമസ് പരസ്യമായി നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കോൺഗ്രസിൽ തലമുറം മാറ്റം വിജയിച്ചില്ലെന്നും പരിചയ സമ്പന്നരായ നേതാക്കളെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു തോമസ് പറഞ്ഞത്. അതേസമയം നിലവിലെ സാഹചര്യത്തിൽ കെവി തോമസിനെ കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണ് സൂചന. എംഎം ഹസനെ തന്നെ നിലനിർത്തുമോ അതോ കൺവീനർ സ്ഥാനത്തേക്കും അപ്രതീക്ഷിത നിയമനങ്ങൾ ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. അതേസമയം കൺവീനർ സ്ഥാനം ലഭിച്ചില്ലേങ്കിൽ കെവി തോമസ് കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാനുള്ള സാധ്യതയും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിലെത്തി തോമസ് ഇടതുനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications