കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്! അന്തം വിട്ട് ചെന്നിത്തലയും കൂട്ടരും

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ വിശ്വാസ സംരക്ഷണമല്ല കോണ്‍ഗ്രസിന്റെ നോട്ടം എന്നത് വ്യക്തമാണ്. ഭരണകക്ഷിയായ സിപിഎമ്മിന് എതിരെ തിരിയുന്ന വികാരം ബിജെപിയിലേക്ക് പോകാതെ തങ്ങളുടെ പെട്ടിയിലെത്തണം എന്ന് മാത്രമേ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുളളൂ. ബിജെപിയേക്കാളും കടുത്ത രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് ജി സുധാകരനടക്കം ശബരിമല വിഷയത്തില്‍ സംസാരിക്കുന്നത്.

ശബരിമലയില്‍ തങ്ങള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്ന് കോണ്‍ഗ്രസ് തന്നെ വിലയിരുത്തുന്നു. അതിനിടെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബിജെപിയേക്ക് ചോര്‍ച്ചയുണ്ടെന്നത് പാര്‍ട്ടിയെ ഞെട്ടിക്കുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും മുന്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗവുമായി ജി രാമന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വന്‍ അടിയായിരിക്കുകയാണ്.

ആദ്യത്തെ ചാക്കിട്ട് പിടുത്തം

ആദ്യത്തെ ചാക്കിട്ട് പിടുത്തം

മറ്റ് പാര്‍ട്ടികളിലെ അസംതൃപ്തരായ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും പലരും പടിക്കല്‍ വന്ന് നില്‍ക്കുകയാണ് എന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞത്. കെ സുധാകരന്റെ പേരാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രകടമായി ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സുധാകരനല്ല, ജി രാമന്‍നായരാണ് ബിജെപി പാളയത്തിലേക്ക് വെച്ച് പിടിച്ചിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപി ചാക്കിടുന്ന ആദ്യത്തെ വമ്പന്‍ സ്രാവാണ് രാമന്‍ നായരെന്ന് പറയാം.

അമിത് ഷായിൽ നിന്ന് അംഗത്വം

അമിത് ഷായിൽ നിന്ന് അംഗത്വം

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ രാമന്‍ നായര്‍ പ്രഖ്യാപനം നടത്തിയേക്കും എന്നാണ് സൂചന. നാളെ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അമിത് ഷായില്‍ നിന്ന് രാ്മന്‍ നായര്‍ ബിജെപി അംഗത്വം സ്വീകരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് രാമന്‍ നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് രാമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ബിജെപി പരിപാടിയിൽ

ബിജെപി പരിപാടിയിൽ

വിവാദമായപ്പോള്‍ എഐസിസിയാണ് നടപടിയെടുത്തത്. പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതിനാണ് രാമന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്. അന്ന് തന്നെ പിഎസ് ശ്രീധരന്‍ പിളള രാമന്‍ നായരെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ചാണ് രാമന്‍ നായര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്.

നടപടി പാർട്ടി അറിയിച്ചില്ല

നടപടി പാർട്ടി അറിയിച്ചില്ല

തന്നെ സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത് എന്ന് രാമന്‍ നായര്‍ പറയുന്നു. തന്നോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യുന്നത് സംബന്ധിച്ച് എഐസിസിയില്‍ നിന്ന് ഇതുവരെയും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നും രാമന്‍ നായര്‍ പറയുന്നു. ഒരു വിശ്വാസി എന്ന നിലയിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്ന നിലയിലുമാണ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

വേറെ വഴിയില്ല

വേറെ വഴിയില്ല

അതിനാണ് താന്‍ ശിക്ഷിക്കപ്പെട്ടത്. അതുകൊണ്ട് ശബരിമല വിഷയം ആര് ഉയര്‍ത്തിപ്പിടിക്കുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കും. ബിജെപിയാണ് അത് ചെയ്യുന്നത് എങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും. ശബരിമല പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് വേണ്ടത്ര പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും രാമന്‍ നായര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ഇടമില്ലെങ്കില്‍ ബിജെപിയിലേക്ക് പോവുക എന്നതല്ലാതെ വേറെ വഴിയില്ലെന്നും രാമന്‍ നായര്‍ പറഞ്ഞു.

നേതാക്കളിൽ നിന്ന് ക്ഷണം

നേതാക്കളിൽ നിന്ന് ക്ഷണം

താന്‍ പൊതുപ്രവര്‍ത്തകനാണ്. ശബരിമല സമരത്തിനിടെയാണ് ബിജെപി നേതാക്കളുമായി ഇടപെടാന്‍ അവസരം ലഭിച്ചത്. തനിക്ക് ബിജെപി നേതാക്കളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നുവെന്നും രാമന്‍ നായര്‍ വെളിപ്പെടുത്തി. എന്‍എസ്എസുമായി ഏറ്റവും അടുപ്പമുളള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് രാമന്‍ നായര്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ബിജെപി നിലപാടിനൊപ്പമാണ്.

ബിജെപി നിലപാടാണ് ശരി

ബിജെപി നിലപാടാണ് ശരി

ശബരിമല വിഷയത്തില്‍ ബിജെപി നിലപാടാണ് ശരിയെന്നും രാമന്‍ നായര്‍ പറഞ്ഞു. ഒരു കാലത്ത് എല്ലാവരും മാറ്റി നിര്‍ത്തിയിരുന്ന പ്രസ്ഥാനമായിരുന്നു ബിജെപി. എന്നാല്‍ ഇന്ന് മുഖ്യധാരയില്‍പ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി മാറിയിരിക്കുന്നു. രാഷ്ട്രീയമായി ബിജെപിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ ശബരിമല ആചാരം സംരക്ഷിക്കാന്‍ ബിജെപിയാണ് രംഗത്തുളളത് എന്നും ജി രാമന്‍ നായര്‍ പറയുകയുണ്ടായി.

അടുത്ത നറുക്ക് ആർക്ക്

അടുത്ത നറുക്ക് ആർക്ക്

പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അനുകൂല നിലപാടുണ്ട് എന്നും രാമന്‍ നായര്‍ പറയുന്നു. ശബരിമല പ്രശ്‌നത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായ കെ സുധാകരന്റെ ഇടപെടലിനെ രാമന്‍ നായര്‍ പ്രശംസിച്ചു.പിഎസ് ശ്രീധരന്‍ പിള്ളയുമായി രാമന്‍ നായര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാമന്‍ നായര്‍ക്ക് പുറമേ മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

English summary
Congress leader G Raman Nair to joing BJP amidst Sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X