പിവി അന്‍വര്‍ ചില നിര്‍ദേശങ്ങള്‍ വച്ചു; യുഡിഎഫ് പ്രവേശം വൈകിയേക്കും, മറുപടി അറിയിക്കുമെന്ന് സതീശന്‍
തിരുവനന്തപുരം: പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് പിവി അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വിഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. അന്‍വറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാല് കോഓഡിനേറ്റര്‍മാരും പങ്കെടുത്തു.
പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ ചര്‍ച്ചയില്‍ ആയില്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സഹകരിക്കുമെന്ന് അന്‍വറും സംഘവും അറിയിച്ചു. സഹകരണം ഏത് രീതിയില്‍ വേണം എന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ അന്‍വര്‍ മുന്നോട്ട് വച്ചു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കി.

പിവി അന്‍വര്‍ ഒരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്ന് അന്‍വര്‍ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് യുഡിഎഫില്‍ പോകില്ലെന്നും പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ നിലവില്‍ വന്നുവെന്നും സിപിഎം ഭരണം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്റെ പ്രതികരണം ഇങ്ങനെ
''പിവി അന്‍വറുമായി വിശദമായി സംസാരിച്ചു. അദ്ദേഹം കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ചു നില്‍ക്കും. അതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തെ കുറിച്ച് പറയാനാകില്ല. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്ത ശേഷമെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ.
കോണ്‍ഗ്രസും യുഡിഎഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പിവി അന്‍വര്‍ പരിപൂര്‍ണ പിന്തുണ നല്‍കും. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം ഘടകകക്ഷികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി യുഡിഎഫിനില്ല. 9 വര്‍ഷം നിലമ്പൂരില്‍ എംഎല്‍എ ആയിരുന്ന അന്‍വറിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.
എല്ലാം മതപരമാക്കരുത്
എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ഭീകര സംഘടനയാണോ, ഇന്ത്യയിലെ തന്നെ സംഘടനയാണോ എന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുന്‍പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല.
ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും'' വിഡി സതീശന്‍ പറഞ്ഞു.
സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പിവി അന്‍വര്‍ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആദ്യം ഇവിടെ വന്ന ശേഷമാകും പ്രചാരണത്തിന് തുടക്കം കുറിക്കുക എന്ന് അന്‍വര്‍ പറഞ്ഞു. പിണറായിസവും ആശ വര്‍ക്കര്‍മാരുടെ സമരവുമാകും നിലമ്പൂരില്‍ ആദ്യം ചര്‍ച്ചയാകുക എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications