വട്ടിയൂര്‍ക്കാവില്‍ വീണ്ടും ട്വിസ്റ്റ്: പ്രശാന്തിനെതിരെ യുവ നേതാവ്? വെച്ച് മാറ്റം ഉപേക്ഷിച്ചിട്ടില്ല
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായ വട്ടിയൂര്‍ക്കാവില്‍ പുനരാലോചനയുമായി കോണ്‍ഗ്രസ്. മണ്ഡലത്തില്‍ മുന്‍ എംപി പീതാംബര കുറുപ്പിനെ മത്സരിപ്പാക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തിരുമാനം. എന്നാല്‍ പീതാംബര കുറുപ്പിനെതിരെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അതേസമയം സ്ഥാനാര്‍ത്ഥിയായി വികെ പ്രശാന്തനെ എല്‍ഡിഎഫ് രംഗത്തിറക്കിയതോടെ യുവസ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ പരിഗണിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് എന്നാണ് റിപ്പോര്‍ട്ട്.
യുവ സ്ഥാനാര്‍ത്ഥിയെയാണ് പരിഗണിക്കുന്നതെങ്കില്‍ അരൂരും വട്ടിയൂര്‍ക്കാവും എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വെച്ച് മാറാനുള്ള സാധ്യതയും ഉയരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്

പുനരാലോചിക്കാന്‍ കോണ്‍ഗ്രസ്
പീതാംബര കുറുപ്പിനെ പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പീതാംബരക്കുറുപ്പിന് മണ്ഡലത്തിൽ നല്ല പ്രതിച്ഛായയല്ല ഉള്ളതെന്നും ജയസാധ്യതയുള്ളവരെ സ്ഥാനാർത്ഥിയെ വേണം വട്ടിയൂർക്കാവിൽ എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധം കനത്തതോടെ പീതാംബര കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പുരനാലോചന നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

യുവനേതാവിനായി അന്വേഷണം
അതിനിടെ എല്‍ഡിഎഫ് തങ്ങളുടെ തുറുപ്പ് ചീട്ടായി വികെ പ്രശാന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വീണ്ടും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ പ്രശാന്തിനോട് ഏറ്റുമുട്ടാന്‍ യുവ നേതാവിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. അങ്ങനെയെങ്കില്‍ എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥിന് നറുക്ക് വീഴാനാണ് സാധ്യത.

പരിഗണിക്കണം
പ്രശാന്തിനോട് ഏറ്റുമുട്ടാന്‍ വിഷ്ണുനാഥ് എന്തുകൊണ്ടും യോജിച്ച സ്ഥാനാര്‍ത്ഥിയാണെന്ന് നേതൃത്വം കണക്കാക്കുന്നു. മണ്ഡലത്തില്‍ പരിചിതനായ നേതാവ്, നായര്‍ സമുദായാംഗം എന്നിവയെല്ലാം വിഷ്ണുനാഥിന്‍റെ സാധ്യത ഉയര്‍ത്തുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷ്ണുനാഥിനെ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍ ഇക്കുറി വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

വെച്ച് മാറും
വിഷ്ണുനാഥിനായി ഉമ്മന്‍ചാണ്ടിയും ശക്തമായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം വിഷ്ണുനാഥിനെ പരിഗണിക്കുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവ് സീറ്റ് എ ഗ്രൂപ്പുമായി ഐ ഗ്രൂപ്പ് വെച്ച് മാറിയേക്കും. അങ്ങനെയെങ്കില്‍ ഷാനിമോള്‍ ഉസ്മാനെ തന്നെ അരൂരില്‍ മത്സരിപ്പിച്ചേക്കാനാണ് സാധ്യത. അരൂരില്‍ ഷാനി മോള്‍ക്കാണ് വിജയ സാധ്യതയെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്.

തള്ളി മുരളീധരന്‍
അതേസമയം വട്ടിയൂര്‍ക്കാവില്‍ തന്റെ പിൻഗാമിയാകാൻ പീതാംബരക്കുറുപ്പ് യോഗ്യനാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കെപിസിസിയിൽ ഉണ്ടായ പ്രതിഷേധങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ 2011ൽ താൻ മത്സരിക്കാൻ എത്തിയപ്പോൾ ഇതിലും ഇരട്ടി പ്രതിഷേധങ്ങളുണ്ടായിരുന്നുവെന്നും ഓർമിപ്പിച്ചു. വോട്ടെണ്ണി തീർന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും മുരളീധരന്‍ പറഞ്ഞു.

വോട്ടു നില ഇങ്ങനെ
കഴിഞ്ഞ തവണ 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയിച്ചത്. മുരളീധരൻ 51, 322 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 43,700 വോട്ടുകളാണ് നേടിയത്.












Click it and Unblock the Notifications