'പ്രഫുൽ പട്ടേൽ എന്ന മോദി ആശ്രിതൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായത് ദുരൂഹം', പ്രതികരിച്ച് ടിഎൻ പ്രതാപൻ
തൃശൂർ: സേവ് ലക്ഷദ്വീപ് ക്യാംപെയ്ന് പിന്തുണയുമായി കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ. ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ പ്രതികരിച്ചു.
ടിഎൻ പ്രതാപന്റെ കുറിപ്പ്: 'ലക്ഷദ്വീപിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. സിവിൽ സർവീസ് പരിചയമില്ലാത്ത പ്രഫുൽ പട്ടേൽ എന്ന മോദി ആശ്രിതൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണ്. ലക്ഷദ്വീപിന്റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ദ്വീപ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.

ദ്വീപിൽ നിലനിന്നിരുന്ന കൃത്യതയുള്ള കോവിഡ് മാനേജ്‌മെന്റിനെ അട്ടിമറിച്ചതിലൂടെ ഗുരുതരമായ സാമൂഹിക സാഹചര്യത്തിലേക്ക് ദ്വീപിലെ ജനങ്ങൾ എത്തിയിരിക്കുന്നു. ദിനേന വളരെയധികം കേസുകളും മരണങ്ങളും സംഭവിക്കുന്നതായി വാർത്തകൾ വരുന്നു. ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല.
Recommended Video
അവരുടെ ഭക്ഷണം, സംസ്കാരം മറ്റു ആചാര അനുഷ്ടാനങ്ങൾ എന്നിവ തകിടം മറിക്കുന്ന ഒരു നയം അധിനിവേശമാണ് എന്നതിൽ സംശയമില്ല. പല അർത്ഥത്തിലും ദ്വീപ് ജനത ഗോത്ര സമൂഹം എന്ന നിലക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഗോത്ര സമൂഹങ്ങളുടെ തനത് ജീവിത ശൈലിക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ ക്ഷേമ സങ്കൽപ്പങ്ങൾക്ക് ഭൂഷണമല്ല. ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സർക്കാർ നീക്കങ്ങളിൽ സംഘപരിവാരത്തിന്റെ ദുഷ്ടലാക്കുണ്ട് എന്ന ആരോപണങ്ങൾ ശക്തമാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയിൽ ചെറുത്തു തോൽപ്പിക്കണം'.












Click it and Unblock the Notifications