ബിഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യം പുനഃപരിശോധിക്കാന്‍ കോണ്‍ഗ്രസ്
ദില്ലി: ബിഹാറില്‍ ആര്‍ ജെ ഡിയുമായുള്ള സഖ്യം കോണ്‍ഗ്രസ് പുനഃപരിശോധിച്ചേക്കും. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ അതിദയനീയമായ പരാജയമായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് ഇതിന് പിന്നാലെയാണ് സഖ്യം പുനഃപരിശോധിക്കുന്നതിനെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും വലിയ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഇതെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
പാർട്ടി അത്തരം ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും അതിന് മുമ്പുള്ള സംഭവങ്ങളും വിശദമായി വിശകലനം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ ബിഹാർ സംസ്ഥാന ഇൻചാർജ് ഭക്ത ചരൺ ദാസിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം അതിദയനീയമാണെന്ന് സമ്മതിച്ച അദ്ദേഹം ആർ ജെ ഡിയുടെ മേലുള്ള കുറ്റപ്പെടുത്തലും ഒഴിവാക്കി. കോൺഗ്രസും ആർ ജെ ഡിയും തമ്മിൽ ധാരണയിലെത്തിയതായി ലാലു പ്രസാദ് യാദവ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇത് സൗഹൃദ മത്സരമാണെന്ന് വോട്ടർമാർക്ക് സൂചന നൽകി. ഇതോടെ ഞങ്ങളോട് താൽപ്പര്യമുള്ളവർ പോലും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതായെന്നും അദ്ദേഹം പറഞ്ഞു.

ഇരുപക്ഷവും തമ്മിലുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം സഖ്യമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ഒരുമിച്ചിരിക്കുന്നത് അർത്ഥശൂന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പില്‍ കുശേശ്വരസ്ഥാൻ വിട്ടുകൊടുക്കാൻ ആർജെഡി വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കുശേശ്വരസ്ഥാനിൽ 5,603 വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത് ഇത് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിയേക്കാൾ 20 വോട്ടുകൾ കുറവാണ്.
കുശേശ്വരസ്ഥാനിൽ 12,000ൽ അധികം വോട്ടുകൾക്കാണ് ജെഡിയു വിജയിച്ചത്. മറ്റൊരു മണ്ഡലമായ താരാപൂരിൽ കോൺഗ്രസിന് 3,590 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്. ആർജെഡിയുമായുള്ള ദീർഘകാല സഖ്യം ബിഹാറിൽ കോൺഗ്രസിനെ ഒതുക്കിയതായും ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. 1995ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ലാലു പ്രസാദ് യാദവ് സംസ്ഥാനത്ത് ഭൂരിപക്ഷ സർക്കാർ രൂപീകരിച്ചപ്പോൾ, കോൺഗ്രസിന് 16% വോട്ടും 29 സീറ്റും ഉണ്ടായിരുന്നുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ വ്യക്തിഗത നേതാക്കളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി, പാർട്ടി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കാതെ പകരം ആർജെഡിയോട് മൃദുവായ നിലപാട് സ്വീകരിച്ചെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications