രാമനവമിയും ഹനുമാൻ ജയന്തിയും സമുചിതമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്: കാപട്യമെന്ന് ബിജെപി
ഭോപ്പാല്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഭക്തിയിലൂന്നിയ തയ്യാറെടുപ്പുമായി കോണ്‍ഗ്രസ്. വരാനിരിക്കുന്ന 'രാമനവമിയും ഹനുമാൻ ജയന്തിയും' ആഘോഷിക്കാൻ ആസൂത്രണം ചെയ്തുകൊണ്ട് ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കൂടാതെ സുന്ദരകാണ്ഡവും (രാമായണത്തിന്റെ ഒരു ഭാഗം) പാരായണം ചെയ്യാനും ഹനുമാന്‍ ചാലീസ നടത്താനും പാർട്ടി പ്രവർത്തകരോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പുതിയ നീക്കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി രംഗത്ത് എത്തിസ. രാമനെ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസിന്റെ ഈ നീക്കം കാപട്യം നിറഞ്ഞതാണെന്നായിരുന്നു ബി ജെ പിയുടെ വിമർശനം. രാമനവമി, ഹനുമാൻ ജയന്തി എന്നിവ പ്രമാണിച്ച് ഏപ്രിൽ 10, 16 തീയതികളിൽ മതപരമായ പരിപാടികൾ നടത്താൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നോട്ടീസിലൂടെ വ്യക്തമാക്കുകയായിരുന്നു.

"ഈ രണ്ട് ശുഭകരമായ മതപരമായ ഉത്സവങ്ങളിലും, ഭഗവാൻ രാമകഥ പാരായണം, രാംലീലയുടെ പരിപാടികൾ, ശ്രീരാമനെ ആരാധിക്കൽ എന്നിവ സംഘടിപ്പിക്കണം. കൂടാതെ, ഹനുമാൻ ജയന്തി ദിനത്തിൽ സുന്ദരകാണ്ഡവും ഹനുമാൻ ചാലിസയും പാരായണം നടത്തണം, "സംഘടനയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ചന്ദ്രപ്രഭാഷ് ശേഖർ നൽകിയ കത്തിൽ പറയുന്നു.
രാമനവമി ദിനത്തിൽ കമൽനാഥ് സന്ദേശം നൽകുകയും ഹനുമാൻ ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ ചിന്ദ്വാരയിൽ മതപരമായ പരിപാടി സംഘടിപ്പിക്കുകയും ചെയ്യും.കോൺഗ്രസിന്റെ നീക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കുന്നത് ഇതാദ്യമല്ലെന്നായിരുന്നു എംപി കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയ ഇൻചാർജുമായ കെകെ മിശ്ര വ്യക്തമാക്കിയത്. പിസിസി പ്രസിഡന്റ് കമൽനാഥ് ഹനുമാന്റെ ഭക്തനാണ്, കഴിഞ്ഞ കുറേ വർഷങ്ങളായി ചിന്ദ്വാരയിൽ ഇത്തരം പരിപാടികൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷവും കോൺഗ്രസ് നേതാക്കൾ സമാനമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്നായിരുന്നു ബി ജെപിയുടെ പ്രതികരണം. രാമനും രാമസേതുവും സാങ്കൽപ്പികമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ അവർ എതിർത്തു. ഒരു കോൺഗ്രസ് നേതാവ് ഹിന്ദുക്കളെ ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകളോട് തുലനം ചെയ്തു. ജനങ്ങൾക്ക് അവരുടെ കാപട്യങ്ങൾ അറിയാം, തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നുമായിരുന്നു ബിജെപി നേതാവ് പങ്കജ് ചതുർവേദിയുടെ പ്രചരണം.












Click it and Unblock the Notifications